കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് ബില്‍: ഗവര്‍ണറുടെ നിലപാട് ഇന്നറിയാം

ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളെജ് വിഷയത്തില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാട് ഇന്നറിയാം. മെഡിക്കല്‍ ബില്‍ ഇന്നലെ  ഗവര്‍ണര്‍ക്കയച്ചിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ വിഷയത്തില്‍ തുടര്‍ നടപടി വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം എന്നാണ് സൂചന.

ഞായറാഴ്ചക്കുള്ളില്‍ ഗവര്‍ണര്‍ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടാതിരുന്നാല്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ നിയമസഭ കൂടി 42 ദിവസത്തിനകം ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണം. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം. ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടത്. പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കോടതി റദ്ദാക്കുകയും ചെയ്തു. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഇതോടെ രണ്ട് കോളെജുകളിലെയും 180 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ 150 ഉം കരുണ മെഡിക്കല്‍ കോളെജില്‍ 30 ഉം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.

DONT MISS
Top