മോദിയുടെ മാംസത്തിനായി പട്ടികളും പൂച്ചകളും ഒന്നിക്കുന്നു; പ്രതിപക്ഷ ഐക്യത്തിനെതിരേ അമിത് ഷായുടെ പരാമര്‍ശം വിവാദമായി

വിവാദ പരാമര്‍ശം നടന്ന യോഗത്തില്‍ അമിത് ഷാ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാംസത്തിനായി പട്ടികളും പൂച്ചകളും ഒന്നിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിലടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പ്രസിഡന്റിന്റെ വിമര്‍ശനം.

അതേസമയം, പട്ടികളെന്നും പൂച്ചകളെന്നുമുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താന്‍ ഉദ്ദേശിച്ചത് വിവിധ പ്രത്യയശാസ്ത്രങ്ങളെയാണെന്ന് വിശദീകരിച്ച് അമിത് ഷാ മണിക്കൂറുകള്‍ക്കം രംഗത്തെത്തി.

പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് മുംബൈയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അമിത്ഷായുടെ വിവാദ പരാമര്‍ശമുണ്ടായത്.

കീരിയും പൂച്ചയും പട്ടിയും ചീറ്റപ്പുലിയും സിംഹവുമൊക്കെ ഒത്തുകൂടിയിരിക്കുകയാണ്. താഴെ പ്രളയജലം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ എല്ലാവരും കൂടി ഒരു വള്ളത്തില്‍ കയറി തുഴയാന്‍ തുടങ്ങിയിരിക്കുകയാണ്. മോദിയുടെ മാംസത്തിനായി പാമ്പും കീരിയും പൂച്ചയും പട്ടിയുമൊക്കെ ഒന്നിച്ചുകൂടി. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് അണിനിരക്കാനാണ് അവരുടെ തീരുമാനം – ഇങ്ങനെയായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമര്‍ശം.

ഈ പ്രസ്താവന വിവാദമായതോടെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ ഖേദിക്കുന്നതായും താന്‍ പ്രത്യയശാസ്ത്രങ്ങളെല്ലാം കൂടി മോദിക്കെതിരേ ഒത്തുകൂടിയതിനെയാണ് ഉദ്ദേശിച്ചതെന്നും അമിത് ഷ വിശദീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങള്‍ ഒരുവിധത്തിലും യോജിക്കുന്നില്ല. എന്നിട്ടും അവരെല്ലാം ഒന്നിക്കുകയാണ്. മോദി ഭീതിയിലാണ് അവരുടെ ഈ ഐക്യം- അമിത് ഷാ വ്യക്തമാക്കി.

അതേസമയം, പ്രളയജലം ഉയരുന്നതുകണ്ടപ്പോഴാണ് എല്ലാ മൃഗങ്ങളും ഒരു വള്ളത്തില്‍ ഒത്തുകൂടി തുഴയാന്‍ തുടങ്ങിയതെന്ന അമിത് ഷായുടെ പരാമര്‍ശം മോദി ഭരണം പ്രളയദുരന്തമാണെന്ന് സ്വയം സമ്മതിക്കുന്നതാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.

DONT MISS
Top