സുപ്രിം കോടതി വിധി അട്ടിമറിക്കുന്ന മെഡിക്കല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് ബിജെപി

എംടി രമേശ്

പാലക്കാട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി അട്ടിമറിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ നേതാക്കള്‍ ഗവര്‍ണറെ കാണും.

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റിന് വേണ്ടി സുപ്രിം കോടതി വിധി അട്ടിമറിക്കാനുള്ള നിയമവിരുദ്ധനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.

നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കാണുന്നത്.

ഏപ്രില്‍ നാലിനാണ് ബില്‍ നിയമസഭ ഏകകണ്‌ഠേന പാസാക്കിയത്. ബില്‍ ഏപ്രില്‍ എട്ടിന് മുന്‍പ് ഗവര്‍ണര്‍ ഒപ്പിടണം. ഇല്ലെങ്കില്‍ ബില്‍ അസാധുവാകും. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ നിയമസഭ കൂടി 42 ദിവസത്തിനകം ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണം. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം. ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ബില്ലിന്‍മേല്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടി നിര്‍ണായകമാണ്.

DONT MISS
Top