അയോധ്യ കേസ്: ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് സുപ്രിം കോടതി

ഫയല്‍ ചിത്രം

ദില്ലി: അയോധ്യകേസ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യം അംഗീകരിക്കാതെ സുപ്രിം കോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഈ മാസം 27 ന് വീണ്ടും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

അയോധ്യകേസില്‍ നിലവില്‍ വാദം കേള്‍ക്കുന്ന മൂന്നംഗ ബെഞ്ച് തുടര്‍ നടപടികളുമായി മുന്നോട്ട് പോകരുതെന്നായിരുന്നു സുന്നി വക്കഫ് ബോര്‍ഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളുടെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്ന് തുടര്‍ച്ചയായി ഇക്കാര്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ ഉന്നയിച്ചു. ബഹുഭാര്യാത്വ കേസ് പോലും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി തയ്യാറായി. ഭരണഘടന ഉറപ്പ് നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണോ ബഹുഭാര്യാത്വമെന്നും ധവാന്‍ ചോദിച്ചു.

എന്നാല്‍ കേസ് ഉടനടി ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം എല്ലാ കക്ഷികളുടെയും വാദം കേട്ടേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ. മറ്റു കക്ഷികളുടെ വാദം കേള്‍ക്കുന്നത് തുടരുമെന്നും കോടതി അറിയിച്ചു. അതേസമയം, രാജീവ് ധവാനും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരും തമ്മില്‍ നടന്ന വാഗ്‌വാദത്തില്‍ കോടതി കടുത്ത അതൃപ്തിയറിയിച്ചു. ചില അഭിഭാഷകര്‍ അനാവശ്യ ബഹളമുണ്ടാക്കാന്‍ വേണ്ടിയാണ് കോടതിയില്‍ വരുന്നതെന്നായിരുന്നു ജഡ്ജിമാരുടെ വിമര്‍ശനം.

DONT MISS
Top