കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് വിഷയങ്ങള്‍ മന്ത്രിസഭായോഗം പരിഗണിച്ചില്ല

ഫയല്‍ ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളെജുകളിലെ 206-17 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രവേശനം ക്രമപ്പെടുത്താനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്‌റ്റേ ചെയ്ത വിഷയം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യാനായാണ് ഇന്നത്തെ മന്ത്രിസഭായോഗമെന്നായിരുന്നു ലഭിച്ച വിവരം. എന്നാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം പരിഗണനയ്ക്ക് വന്നില്ല.

അതേസമയം, കാലാവധി അവസാനിക്കുന്ന 13 ഓർഡിനൻസുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനിടെ, സുപ്രിംകോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായ സാഹചര്യത്തില്‍ കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ പ്രതിവാര സംവാദപരിപാടിയായ ക്ലോസ് എന്‍കൗണ്ടറില്‍ വ്യക്തമാക്കി. വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് കോളെജുകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുറത്തുപോകേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.കോടതി പറയുന്നത് അനുസരിക്കുമെന്നും കോടതി ഉത്തരവിനെ നിയമം കൊണ്ട് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കാന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് അറിയാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇത് രക്ഷിതാക്കളെയും അറിയിച്ചിരുന്നു. നിയമവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് മുഴുവന്‍ കുട്ടികളെയും ക്രമപ്പെടുത്തിയത്- മന്ത്രി പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടത്. പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കോടതി റദ്ദാക്കുകയും ചെയ്തു. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഇതോടെ രണ്ട് കോളെജുകളിലെയും 180 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ 150 ഉം കരുണ മെഡിക്കല്‍ കോളെജില്‍ 30 ഉം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.

DONT MISS
Top