കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍

ദീപക് ലാതര്‍

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ആദ്യദിനത്തിന് സമാനമായി രണ്ടാം ദിനത്തിലും ഇന്ത്യ രണ്ട് മെഡലുകള്‍ കരസ്ഥമാക്കി. ഒരു സ്വര്‍ണവും ഒരു വെങ്കലവുമാണ് രണ്ടാം ദിനം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയുമായിരുന്നു സമ്പാദ്യം.

ഇതോടെ ഗെയിംസ് രണ്ട് ദിനം പിന്നിടുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. നാല് മെഡലുകളും ഭാരോദ്വഹത്തിലൂടെയാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്.

പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ 69 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയ ദീപക് ലാത്തറാണ് ഇന്ത്യയ്ക്ക് നാലാം മെഡല്‍ സമ്മാനിച്ചത്. സ്‌നാച്ചില്‍ 136 ഉം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 159 ഉം ഉള്‍പ്പെടെ 295 കിലോയാണ് പതിനെട്ടുകാരനായ ദിപക് ഉയര്‍ത്തിയത്. ഈ ഇനത്തില്‍ വെയില്‍സിന്റെ ഗാരെത് ഇവാന്‍സ് സ്വര്‍ണവും ശ്രീലങ്കയുടെ ഇന്ദിക സി ദിസ്സനായക വെള്ളിയും സ്വന്തമാക്കി.

നേരത്തെ രണ്ടാം ദിനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനു സ്വര്‍ണം നേടിയിരുന്നു. 2014 ഗ്ലോസ്‌കോ ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത സ്വര്‍ണം അണിഞ്ഞിരുന്നു.

DONT MISS
Top