ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ചട്ടങ്ങളും നിയമങ്ങളും നിര്‍മിക്കാന്‍ സമിതിയെ നിയോഗിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദു ചെയ്യുന്നതിനുള്ള നടപടി പിന്‍വലിച്ചതിനു  പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും നിര്‍മിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കാനാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ കീഴിലാണ് പത്തംഗ സമിതിയെ നിയോഗിക്കുന്നത്. ആഭ്യന്തര മന്ത്രാലയ വകുപ്പ് സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോര്‍ഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളിലെ പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും.

വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള വാര്‍ത്താ പ്രക്ഷേപണ മന്ത്രായത്തിന്റെ തീരുമാനം മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റദ്ദാക്കിയത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.

കുറ്റകൃത്യങ്ങളുടെ തീവ്രത അടിസ്ഥാനമാക്കി അക്രഡിറ്റേഷന്‍ റദ്ദാക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. അച്ചടി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും വിഷയത്തില്‍ പരിശോധന നടത്തുത്താനുമായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം.

DONT MISS
Top