പ്രതിഷേധം കനക്കുന്നു; പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും രക്തം കൊണ്ട് കത്തെഴുതി ദലിത് പ്രവര്‍ത്തകര്‍

രക്തം കൊണ്ടെഴുതിയ കത്തുമായി പ്രവര്‍ത്തകര്‍

ദില്ലി: പട്ടികജാതി-വര്‍ഗ സംരക്ഷണ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രക്തം കൊണ്ട് കത്തെഴുതി ഒരു വിഭാഗം ദലിത് പ്രവര്‍ത്തകര്‍. ഭാരതീയ പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് രക്തം കൊണ്ട് കത്തെഴുതി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

പട്ടികജാതി-വര്‍ഗ നിയമത്തിലെ വ്യവസ്ഥകള്‍ പഴയ സ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. ഭാരത് ബന്ദിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ദലിതര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ദലിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തെഴുതിയത്.

പട്ടികജാതി-വര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം  ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഉത്തരവിനെതിരെ രാജ്യത്തൊന്നടങ്കം വ്യാപക പ്രതിഷേധമാണ് അലയടിച്ചത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 20 ന് ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് എസ്‌സി-എസ്ടി നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വര്‍ഗ നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം, കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ജാമ്യം നല്‍കാം എന്നിവയായിരുന്നു വിധിയിലെ നിര്‍ദേശങ്ങള്‍.

DONT MISS
Top