ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം നീതിപീഠത്തിലും എത്തിയെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം സർക്കാർതലത്തിൽ മാത്രമല്ല നീതിപീഠത്തിലും എത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടികവിഭാഗ അതിക്രമം തടയൽ നിയമത്തിൽ ഇളവ് വരുത്തിയ സുപ്രിം കോടതി ഉത്തരവെന്നും കോടിയേരി പറയുന്നു. 

ഇതുമായി ബന്ധപ്പെട്ട്  പാർലമെന്റ് പാസാക്കിയ നിയമത്തിൽ വെള്ളം ചേർക്കാൻ മോദി സർക്കാരിന് താൽപ്പര്യമുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. എത്രയോ കാലമായി ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഔദ്യോഗിക അവഗണനയുടെയും എരിതീയിൽ ഹോമിക്കപ്പെട്ടവരാണ് ദലിതർ.

സവർണവിഭാഗത്തിൽനിന്ന് അവരിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനും അവരുടെ പുരുഷന്മാരുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് പാർലമെന്റ് പട്ടികവിഭാഗ അതിക്രമം തടയാനുള്ള നിയമം കർക്കശമാക്കിയത്. എന്നാൽ, ദലിത് വിരുദ്ധ മോദി ഭരണം ദലിത് സംരക്ഷണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാൻ തക്കംപാർക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രിം കോടതി വിധി. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ ദലിത് പ്രക്ഷോഭം  ആളിക്കത്തിയതെന്നും കോടിയേരി പറയുന്നു.

പട്ടികജാതി‐ വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസുമാരായ എകെ ഗോയൽ, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. പരാതി ഉദ്യോഗസ്ഥർക്കെതിരെയാണെങ്കിൽ നിയമനാധികാരികളിൽനിന്ന് അനുമതി വാങ്ങണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രഥമാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും വിധിയിൽ വ്യക്തമാക്കി. ഇതോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം ഒരു ചാപിള്ളയായെന്നും കോടിയേരി പറയുന്നു.

നിയമം ദുരുപയോഗപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അതൊഴിവാക്കാനുള്ള ജാഗ്രതാപൂർണമായ ഇടപെടൽ ഭരണകൂടവും നീതിപീഠവും കാട്ടണം. അതിനു പകരം പീഡനനിരോധനനിയമത്തെതന്നെ അപ്രസക്തമാക്കുന്നത് ദലിത് വേട്ടക്കാർക്ക് കരുത്തുപകരലാകുമെന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം,

പാർലമെന്റ്, എക്സിക്യൂട്ടീവ് എന്നീ ജനാധിപത്യ സ്ഥാപനങ്ങൾ ആലസ്യത്തിൽ വീഴുകയോ വഴിതെറ്റുകയോ ചെയ്താൽ അവയെ തിരുത്താൻ ഉണർന്നിരിക്കേണ്ട സ്ഥാപനമാണ് ജുഡീഷ്യറി.

ആർഎസ്എസ് നയിക്കുന്ന കേന്ദ്രത്തിലെയും ഇരുപതിലെറെ സംസ്ഥാനങ്ങളിലെയും സർക്കാരുകളിൽ വിശ്വാസം നഷ്ടപ്പെട്ട ജനത പ്രതീക്ഷാപൂർവം നോക്കുന്ന സ്ഥാപനമായിരുന്നു ജുഡീഷ്യറി. പക്ഷേ, സുപ്രിം കോടതിയുടെ മേൽത്തട്ടിനുതന്നെ അപചയം സംഭവിച്ചിരിക്കുന്നു. ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം സർക്കാർതലത്തിൽ മാത്രമല്ല നീതിപീഠത്തിലും എത്തി അതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടികവിഭാഗ അതിക്രമം തടയൽ നിയമത്തിൽ ഇളവ് വരുത്തിയ സുപ്രീംകോടതി ഉത്തരവെന്ന് പല സംഘടനാനേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പാർലമെന്റ് പാസാക്കിയ, ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ വെള്ളം ചേർക്കാൻ മോഡി സർക്കാരിന് താൽപ്പര്യമുണ്ട്. എത്രയോ കാലമായി ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഔദ്യോഗിക അവഗണനയുടെയും എരിതീയിൽ ഹോമിക്കപ്പെട്ടവരാണ് ദളിതർ. 18 മുതൽ 20 കോടിവരെ വരും ഇവരുടെ സംഖ്യ. സവർണവിഭാഗത്തിൽനിന്ന് അവരിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനും അവരുടെ പുരുഷന്മാരുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് പാർലമെന്റ് പട്ടികവിഭാഗ അതിക്രമം തടയാനുള്ള നിയമം കർക്കശമാക്കിയത്. എന്നാൽ, ദളിത് വിരുദ്ധ മോഡി ഭരണം ദളിത് സംരക്ഷണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാൻ തക്കംപാർക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രീംകോടതി വിധി. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ ദളിത്പ്രക്ഷോഭം ആളിക്കത്തിയത്.

പട്ടികജാതി‐ വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. പരാതി ഉദ്യോഗസ്ഥർക്കെതിരെയാണെങ്കിൽ നിയമനാധികാരികളിൽനിന്ന് അനുമതി വാങ്ങണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രഥമാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും വിധിയിൽ വ്യക്തമാക്കി. ഇതോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം ഒരു ചാപിള്ളയായി.

നിയമം ദുരുപയോഗപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അതൊഴിവാക്കാനുള്ള ജാഗ്രതാപൂർണമായ ഇടപെടൽ ഭരണകൂടവും നീതിപീഠവും കാട്ടണം. അതിനു പകരം പീഡനനിരോധനനിയമത്തെതന്നെ അപ്രസക്തമാക്കുന്നത് ദളിത് വേട്ടക്കാർക്ക് കരുത്തുപകരലാണ്.

DONT MISS
Top