എഐഎഡിഎംകെ സഹായിച്ചു, അവിശ്വാസപ്രമേയം ചര്‍ച്ചയായില്ല; പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഫയല്‍ ചിത്രം

ദില്ലി: അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാതെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. ഇതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് ഉപേക്ഷിച്ചു.

കാവേരി ബോര്‍ഡ് രൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ അംഗങ്ങളും പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പിനെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും നടത്തിയ ബഹളത്തെ തുടര്‍ന്ന് കാര്യമായ നിയമ നിര്‍മ്മാണമൊന്നും നടത്താതെയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പിരിഞ്ഞത്. എഐഎഡിഎംകെ അംഗങ്ങള്‍ തുടര്‍ച്ചയായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തില്ല.

സമ്മേളനത്തിന്റെ അവസാന രണ്ട് ആഴ്ചകളില്‍ കോണ്‍ഗ്രസ്, സിപിഐഎം തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭയില്‍ 50 അംഗങ്ങളുടെ പിന്തുണ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ സ്പീക്കര്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല.

ഇതിനിടെ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജി വെച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഈ സമ്മേളന കാലത്ത് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വരാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും അവസാന നിമിഷം ആ നീക്കം ഉപേക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചതെന്നാണ് സൂചന.

DONT MISS
Top