തോറ്റു കൊടുക്കാൻ തയ്യാറല്ല, വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും; പരിഹാസവുമായി ജയശങ്കര്‍

എ ജയശങ്കര്‍ (ഫയല്‍ ചിത്രം)

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 വര്‍ഷം ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രിം കോടതി വിധിയില്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ രംഗത്ത്.  കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രിം കോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിൻമാറുകയില്ലെന്ന് ജയശങ്കര്‍ പറയുന്നു.

ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഏകകണ്ഠേന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, 

തോറ്റിട്ടില്ല, തോറ്റിട്ടില്ല
തോറ്റു കൊടുക്കാൻ തയ്യാറല്ല…

കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിൻമാറുകയില്ല.

ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും. പാസായി വരുമ്പോൾ സർക്കാരാസ്പത്രിയിൽ നിയമിക്കും.

ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങൾ തകർക്കാനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സിപിഎം നോട്ടീസ് കൊടുത്തതിൻ്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.

# കോഴക്കോളേജുകൾക്കൊപ്പം.

DONT MISS
Top