കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി മുന്നോട്ട് പോകാന്‍ ഉറച്ച്‌ സര്‍ക്കാര്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം. നിയമവകുപ്പിന് കൈമാറിയ ബില്ല് ഗവര്‍ണര്‍ക്ക് അയച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം സ്വീകരിക്കുന്ന നിലപാടാണ് ഇനി സര്‍ക്കാരിന് നിര്‍ണായകമാവുക.

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജുകള്‍ നടത്തിയ വിദ്യാര്‍ത്ഥിപവേശനം നിയമവിധേയമാക്കാന്‍ പ്രതിപക്ഷ പിന്തുണയോടെ നേരത്തെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ ഇനി സര്‍ക്കാരിന് മുന്നില്‍ മറ്റു പോംവഴികളില്ല. പ്രതിസന്ധി മറികടക്കാന്‍ നടപടികളുമായി മുന്നോട്ടു പോവുക എന്നത് തന്നെയാണ് ഏക മാര്‍ഗം. നിയമവകുപ്പിന് കൈമാറിയ ബില്ല് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന് അയച്ചുകഴിഞ്ഞു.

ഗവര്‍ണര്‍ ഇതില്‍ ഒപ്പുവെച്ചാല്‍ നിയസഭ പാസാക്കിയ ബില്ലിനെചൂണ്ടിക്കാട്ടി കോടതിയുടെ ഇടപെടലിനെ മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഭരണഘടനാ വിരുദ്ധമായി ബില്ലില്‍ ഒന്നുമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പ്രതികരിച്ചു.

ഒരുപക്ഷേ ഗവര്‍ണര്‍ ബില്‍ മടക്കി അയച്ചാല്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ട പ്രതിസന്ധി ചെറുതല്ല. മുന്‍ചീഫ് ജസ്റ്റീസ് കൂടിയായ പി സദാശിവം സുപ്രിംകോടതി വിധിയെ പരിഗണിക്കാതെ സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഒരു തവണ തിരിച്ചയച്ച ബില്ല് വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ടാല്‍ അത് ഗവര്‍ണര്‍ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ അത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനും അതുവഴി ഭരണഘടനാപ്രതിസന്ധിയ്ക്കും കാരണമായേക്കും.

സ്വകാര്യ സ്വാശ്രയകോളജുകളെ സഹായിക്കാന്‍ ബില്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി പൊതുസമൂഹത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 180 വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന ദുര്‍ബലമായ ഒരേയൊരു വാദം മാത്രമാണ് ഈ പ്രതിസന്ധികളെയെല്ലാം പ്രതിരോധിക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള ഏക പിടിവള്ളി.

DONT MISS
Top