സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കോടതിയില്‍ വിധി കേള്‍ക്കാനായി വരുന്ന സല്‍മാന്‍ ഖാന്‍

ജോധ്പുർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസിൽ ജയിൽ ശിക്ഷ ലഭിച്ച നടൻ സൽമാൻ ഖാനെ ജോധ്പുർ സെൻട്രൽ ജയിലിലടച്ചു. കേസില്‍ സല്‍മാന് രാജസ്ഥാനിലെ ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. തുടര്‍ന്നാണ് സല്‍മാനെ ജയിലിലേക്ക് മാറ്റിയത്. സൽമാന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

ജോധ്പുർ സെൻട്രൽ ജയിലിലെ രണ്ടാം നമ്പർ ബാരക്കിലാണു സൽമാനെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റുമെന്നതിനാല്‍ വിഐപി പ്രതിയെ പാര്‍പ്പിക്കുന്നതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.

കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. സൽ​​​മാ​​​ൻ ഖാ​​​നെ കൂ​​​ടാ​​​തെ കേസിലെ മറ്റ് പ്രതികളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു.

‘ഹം സാത്ത് സാത്ത് ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗ്രാമത്തില്‍ വച്ച് രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമത്തിലെ 51 , ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്.

ഇന്ന് ശിക്ഷിക്കപ്പെട്ട കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനുള്ള കേസ് സല്‍മാന്‍ ഖാനെതിരെയുള്ള നാലാമത്തെ കേസാണ്. വാഹനാപകട കേസ്, ആയുധം കൈവശം വെച്ച കേസ്, ചിങ്കാരമാന്‍വേട്ടക്കേസ് എന്നിവയാണ് സല്‍മാന്‍ ഖാന്‍ പ്രതിയായ മറ്റ് കേസുകള്‍. ഇതില്‍ രണ്ട് കേസുകളില്‍ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി ശിക്ഷ റദ്ദാക്കി.

ചിങ്കാരമാന്‍വേട്ട കേസ്, വാഹനാപകട കേസ് എന്നിവയിലാണ് സല്‍മാനെ വിചാരണക്കോടതി ശിക്ഷിച്ചത്. വാഹനാപകട കേസില്‍ മുംബൈ സെഷന്‍സ് കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനെതിരെ താരം മുംബൈ ഹൈക്കോടതിയെ സമീപിച്ചു. 2015 ഡിസംബര്‍ 10 ന് ഹൈക്കോടതി ശിക്ഷ റദ്ദാക്കി താരത്തെ കുറ്റവിമുക്തനാക്കി.

2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ വാഹനമോടിക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് മുംബൈ ഹൈക്കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തിന് ശേഷമാണോ അതിന് മുമ്പാണോ വാഹനത്തിന്റെ ടയര്‍ തകരാറിലായതെന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. സല്‍മാന്‍ ഖാനെതിരെ മൊഴി നല്‍കിയ ബോഡി ഗാര്‍ഡ് രവീന്ദ്ര പാട്ടീലിന്റെ വാദങ്ങള്‍ വിശ്വസനീയമല്ലെന്നും ജഡ്ജി എആര്‍ ജോഷി നിരീക്ഷിച്ചിരുന്നു.

ചിങ്കാരമാന്‍വേട്ടക്കേസിലും സമാനമായ അനുഭവമാണ് ഉണ്ടായത്. വിചാരണക്കോടതി സല്‍മാന്‍ ഖാനും മറ്റ് പ്രതികള്‍ക്കും അഞ്ച് വര്‍ഷത്തെ തടവായിരുന്നു വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയ്ക്കുന്നതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും വിലയിരുത്തിയായിരുന്നു വെറുതെ വിട്ടത്. 2016 ജൂലൈ 25 നായിരുന്നു ഹൈക്കോടതിയുടെ വിധി വന്നത്.

അതേസമയം, ആയുധം കൈവശം വെച്ച കേസില്‍ സല്‍മാനെ ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സല്‍മാന്‍ ആയുധം കൈവശം വെച്ചതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 1998 ലായിരുന്നു ഈ കേസിന് ആസ്പദമായ സംഭവവും നടന്നത്. ചിങ്കാരമാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആയുധം കൈവശം വെച്ചകേസും. ലൈസന്‍സ് ഇല്ലാത്തതും ലൈസന്‍സ് കാലാവധി തീര്‍ന്നതുമായ ആയുധങ്ങളാണ് സല്‍മാന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് കേസ്.

DONT MISS
Top