മെഡിക്കല്‍ ഓര്‍ഡിനന്‍സ്: സുപ്രിം കോടതി വിധി തിരിച്ചടിയല്ലെന്ന് പികെ ബഷീര്‍ എംഎല്‍എ

പികെ ബഷീര്‍

മലപ്പുറം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സുപ്രിം കോടതി വിധി തിരിച്ചടിയല്ലെന്ന് മുസ്‌ലിം ലീഗ് എംഎല്‍എ പികെ ബഷീര്‍. വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ചാണ് പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് തീരുമാനമെടുത്തതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും പികെ ബഷീര്‍ എംഎല്‍എ റിപ്പോര്‍ട്ടറിന്റെ വെബ്‌സൈറ്റിനോട് പ്രതികരിച്ചു.

സുപ്രിം കോടതിയെ വിധിയെ കുറിച്ച് പഠിച്ച് സര്‍ക്കാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്ന് പികെ ബഷീര്‍ പറഞ്ഞു. 180 ഓളം വിദ്യാര്‍ത്ഥികളാണ് രണ്ട് കോളെജുകളിലുമായി പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി ഇത്രയും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. ഇത് പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ പാസാക്കാന്‍ പിന്തുണ നല്‍കിയതും ഇതേ കാരണം കൊണ്ടാണ്. എല്ലാവരും ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. അദ്ദേഹം പറഞ്ഞു.

തനിക്ക് പാര്‍ട്ടി നിലപാടിനോടേ യോജിക്കാന്‍ കഴിയൂ എന്നായിരുന്നു കഴിഞ്ഞ ദിവസം മെഡിക്കല്‍ ബില്‍ പാസാക്കുന്ന വേളയില്‍ പികെ ബഷീര്‍ എംഎല്‍എ അഭിപ്രായപ്പെട്ടത്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഇതിനോട് യോജിപ്പാണ്. പാര്‍ട്ടി പറഞ്ഞാല്‍ യോജിക്കും, എതിര്‍ക്കാന്‍ പറഞ്ഞാല്‍ എതിര്‍ക്കും. എന്നാല്‍ ഇത്തരം ചട്ടലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രിം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാണ് കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് മെററ്റിന്റെ അടിസ്ഥാനത്തിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

DONT MISS
Top