ഗ്ലാസ് മാറ്റി വണ്ടി എടുത്തില്ലെങ്കില്‍ നിന്നെ ഞാന്‍ തല്ലും, ഡ്രെെവറോട് ആക്രോശിച്ച് സെയ്ഫ് [വീഡിയോ]

ജോധ്‌പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് കോടതിയിലേയ്ക്ക് പോകും വഴി തന്റെ ഡ്രൈവറെ ചീത്ത വിളിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍. കോടതിയിലെത്തിയ സെയ്ഫിനെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡ്രൈവറോട് സെയ്ഫ് മോശമായി പെരുമാറുന്നത്.

ഗ്ലാസ് മാറ്റി വണ്ടി പുറകോട്ടെടുത്തില്ലെങ്കില്‍ നിന്നെ ഞാന്‍ തല്ലുമെന്നാണ് സെയ്ഫ് ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ഇത് സംബന്ധിച്ച വീഡിയോ പകര്‍ത്തിയത്.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലെ വിധി കേള്‍ക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ ഇന്ന് കോടതിയിലെത്തിയിരുന്നത്. സല്‍മാന്‍ ഖാന്‍, സെയ്ഫലി ഖാന്‍ എന്നിവര്‍ക്ക് പുറമെ തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും കോടതിയിലെത്തിയിരുന്നു. ‘ഹം സാത്ത്‌ സാത്ത്‌ ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്‌പൂരിലെ ഗ്രാമത്തില്‍ വച്ച്‌ രണ്ട്‌ കൃഷ്‌ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി എന്നാണ്‌ കേസ്‌.

കേസ് പരിഗണിച്ച കോടതി സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മറ്റ് പ്രതികളെ വെറുതെ വിടുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനെതിരെ പ്രോസിക്യൂഷന്‍ ശേഖരിച്ച എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച കോടതി അത് നിയമപരമായി നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു.

കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാനുള്ള ശിക്ഷ എന്താണെന്ന് കോടതി പ്രഖ്യാപിച്ചിട്ടില്ല. ആറ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.  കേസില്‍ കഴിഞ്ഞ മാസം 28 നാണ്‌ വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്‌.

DONT MISS
Top