കോമണ്‍വെല്‍ത്ത് ഗെയിംസ്: റെക്കോര്‍ഡോടെ മീരാബായ് ചാനു, ആദ്യ സ്വര്‍ണമണിഞ്ഞ് ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യദിനത്തില്‍ തന്നെ ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കി. ഭാരോദ്വഹനത്തില്‍ ലോകചാമ്പ്യ മീരാബായ് ചാനുവാണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരിക്കുന്നത്. 2014 ഗ്ലാസ്‌ഗോ ഗെയിംസില്‍ മീര വെള്ളി നേടിയിരുന്നു.

48 കിലോ വിഭാഗത്തിലാണ് 23 കാരിയായ മീരയുടെ സ്വര്‍ണനേട്ടം. നേരത്തെ പുരുഷന്‍മാരുടെ 56 കിലോ വിഭാഗത്തില്‍ ഗുരുരാജ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു.

സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 110 കിലോയും ഉള്‍പ്പെടെ 196 കിലോയാണ് മീരാബായ് ഉയര്‍ത്തിയത്. സ്‌നാച്ചിലെ ആദ്യ മൂന്ന് ശ്രമങ്ങളിലായി 80, 84, 86 കിലോ ഇന്ത്യന്‍ താരം ഉയര്‍ത്തി. തുടര്‍ന്ന് ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ തുടര്‍ച്ചയായി 103, 107, 110 കിലോയും ഉയര്‍ത്തി. തന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ് ഈ ഇനത്തില്‍ മീര ഉയര്‍ത്തിയത്.

2017 ഡിസംബറില്‍ യുഎസിലെ അനഹെയിമില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മീര കരിയറിലെ മികച്ച പ്രകടത്തോടെ സ്വര്‍ണം നേടിയിരുന്നു. ഇരുവിഭാഗങ്ങളിലായി (85, 109) 195 കിലോ ഉയര്‍ത്തിയായിരുന്നു മീരയുടെ ഇതു ലോകചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം. ഈ പ്രകടനമാണ് ഇന്ന് മറികടന്നിരിക്കുന്നത്.

DONT MISS
Top