ഒടുവില്‍ എഫ്ബി പോസ്റ്റുകള്‍ പിന്‍വലിച്ച് സാമുവല്‍; പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും മന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്നും സുഡാനി

സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍. പരിഹരിച്ചു എന്നെഴുതിയ ഒരു ചിത്രത്തിന് അടിക്കുറിപ്പായാണ് സാമുവല്‍ മാന്യമായ തുക ലഭിച്ചെന്ന സന്തോഷം പങ്കുവെച്ചത്. വംശീയ വിവേചനം ഉണ്ടായെന്ന് ആദ്യം ആരോപിച്ചത് തെറ്റിദ്ധാരണ മൂലമാണ്.

ചിത്രത്തിലൂടെ ലഭിച്ച തുകയുടെ ഒരു പങ്ക് വംശീയ വിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ദ റെഡ് കാര്‍ഡ് എന്ന സന്നദ്ധ സംഘടനക്ക് നല്‍കും. തന്റെ വാക്കുകള്‍ സക്കരിയ, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രശ്‌ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയ ധനമന്ത്രി തോമസ് ഐസകിനും സാമുവല്‍ നന്ദി അറിയിച്ചു.

അതേസമയം തെറ്റിദ്ധാരണ തീര്‍ന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ചെഴുതിയ എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ തുക നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സാമുവല്‍ നേരത്തെ ഇട്ട എല്ലാ പോസ്റ്റുകളും പിന്‍വലിക്കാന്‍ തയ്യാറായത്.

സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് സാമുവല്‍. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് ലഭിച്ചതെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മാതാക്കള്‍ കാണിച്ചത് വംശീയ വിവേചനമാണെന്നുമായിരുന്നു സാമുവലിന്റെ ആരോപണം. തന്റെ ഭാഗം ന്യായീകരിച്ച് ഫെയ്‌സ്ബുക്കില്‍ സാമുവല്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സാമുവലിന് കരാര്‍ പ്രകാരമുള്ള തുക തങ്ങള്‍ നല്‍കിയതാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളും രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് 18000 രൂപ മാത്രമാണ് കിട്ടിയതെന്ന് പറഞ്ഞ് സാമുവല്‍ വീണ്ടും പോസ്റ്റിട്ടു. തുടര്‍ന്ന് സാമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് സാമുവലിനെ അനുകൂലിച്ചും എതിര്‍ത്തും മുന്നോട്ടുവന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്ക്, വിടി ബല്‍റാം എംഎല്‍എ എന്നിവരും സാമുവലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സാമുവല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്,

DONT MISS
Top