ബോളിവുഡിലെ മസില്‍മാന്‍; എന്നും വിവാദങ്ങളുടെ തോഴന്‍, കൂട്ടിന് ഒരുപിടി കേസുകളും

സല്‍മാന്‍ ഖാന്‍

എന്നും വിവാദങ്ങളുടെ തോഴനാണ് സല്‍മാന്‍ ഖാന്‍. ബോളിവുഡിലെ മോശം താരം എന്ന പ്രതിച്ഛായയാണ് തന്റെ പ്രവൃത്തികള്‍ സല്‍മാന്‍ ഖാന് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. താരത്തിനെതിരെ നിരവധി കേസുകളാണ് ഉള്ളത്. വാഹനാപകട കേസ്, ആയുധം കൈവശം വെച്ച കേസ്, ചിങ്കാരമാന്‍വേട്ടക്കേസ് എന്നിവയാണ് സല്‍മാന്‍ ഖാന്‍ പ്രതിയായ മറ്റ് കേസുകള്‍. ഇതില്‍ രണ്ട് കേസുകളില്‍ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി ശിക്ഷ റദ്ദാക്കി.

ചിങ്കാരമാന്‍വേട്ട കേസ്, വാഹനാപകട കേസ് എന്നിവയിലാണ് സല്‍മാനെ വിചാരണക്കോടതി ശിക്ഷിച്ചത്. വാഹനാപകട കേസില്‍ മുംബൈ സെഷന്‍സ് കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനെതിരെ താരം മുംബൈ ഹൈക്കോടതിയെ സമീപിച്ചു. 2015 ഡിസംബര്‍ 10 ന് ഹൈക്കോടതി ശിക്ഷ റദ്ദാക്കി താരത്തെ കുറ്റവിമുക്തനാക്കി.

2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ വാഹനമോടിക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് മുംബൈ ഹൈക്കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തിന് ശേഷമാണോ അതിന് മുമ്പാണോ വാഹനത്തിന്റെ ടയര്‍ തകരാറിലായതെന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. സല്‍മാന്‍ ഖാനെതിരെ മൊഴി നല്‍കിയ ബോഡി ഗാര്‍ഡ് രവീന്ദ്ര പാട്ടീലിന്റെ വാദങ്ങള്‍ വിശ്വസനീയമല്ലെന്നും ജഡ്ജി എആര്‍ ജോഷി നിരീക്ഷിച്ചിരുന്നു.

ചിങ്കാരമാന്‍വേട്ടക്കേസിലും സമാനമായ അനുഭവമാണ് ഉണ്ടായത്. വിചാരണക്കോടതി സല്‍മാന്‍ ഖാനും മറ്റ് പ്രതികള്‍ക്കും അഞ്ച് വര്‍ഷത്തെ തടവായിരുന്നു വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയ്ക്കുന്നതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും വിലയിരുത്തിയായിരുന്നു വെറുതെ വിട്ടത്. 2016 ജൂലൈ 25 നായിരുന്നു ഹൈക്കോടതിയുടെ വിധി വന്നത്.

സല്‍മാന്‍ ഖാന്‍

എന്നാല്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. വന്‍ജനരോഷം ഉയര്‍ന്നതോടെയാണ് 2016 ഒക്ടോബര്‍ 19 ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

അതേസമയം, ആയുധം കൈവശം വെച്ച കേസില്‍ സല്‍മാനെ ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സല്‍മാന്‍ ആയുധം കൈവശം വെച്ചതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 1998 ലായിരുന്നു ഈ കേസിന് ആസ്പദമായ സംഭവവും നടന്നത്. ചിങ്കാരമാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ആയുധം കൈവശം വെച്ചകേസും. ലൈസന്‍സ് ഇല്ലാത്തതും ലൈസന്‍സ് കാലാവധി തീര്‍ന്നതുമായ ആയുധങ്ങളാണ് സല്‍മാന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് കേസ്.

DONT MISS
Top