തെരുവില്‍ പാട്ടുപാടി നിരാലംബര്‍ക്ക് അശ്വാസമായി സിവില്‍ എഞ്ചിനീയര്‍; കാരുണ്യത്തില്‍ വഴിയില്‍ വേറിട്ട മാതൃകയായി മണി

ടികെ മണി

കൊച്ചി: ഒഴിവുസമയം മുഴുവന്‍ തെരുവില്‍ പാട്ടുപാടി നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമാകുകയാണ് കൊച്ചിയിലെ ഒരു സിവില്‍ എഞ്ചിനീയര്‍. കിട്ടുന്ന പണം മുഴുവന്‍ തൊട്ടടുത്ത ആശുപത്രിയിലോ അര്‍ഹരായ രോഗികള്‍ക്കോ കൈമാറും. വടുതല സ്വദേശിനി ടികെ മണിയാണ് കാരുണ്യത്തിന്റെ ഈ വേറിട്ട മാതൃക.

കൊച്ചിയിലെ തെരുവോരങ്ങളിലെല്ലാം ദിവസവും ഉച്ചയ്ക്ക് ശേഷം ഈ ഗായികയെ കാണാം. സിവില്‍ എഞ്ചിനീയറായ വടുതല സ്വദേശിനി ടികെ മണി ഒന്നര വര്‍ഷമായി തെരുവില്‍ പാട്ടു പാടുകയാണ്.

രാവിലെ ജോലിയും ഉച്ച കഴിഞ്ഞ് പാട്ടും. ജോലിത്തിരക്കുണ്ടായാലും മണി പാട്ടു മുടക്കാറില്ല. പതിനായിരം രൂപ വരെ കിട്ടിയ ദിവസവുമുണ്ട്. പാട്ടു പാടി കിട്ടുന്ന പണമത്രയും എറണാകുളം ജനറല്‍ ആശുപത്രി അധികൃതര്‍ക്കോ അര്‍ഹരായ രോഗികള്‍ക്കോ കൈമാറും.

ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് ശശിധരനും മക്കളും മണിയുടെ ഈ കാരുണ്യ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയേകുന്നു. തെക്കന്‍ സ്റ്റാര്‍ മീഡിയയുടെ ആതുര സേവ അവാര്‍ഡ്, റോട്ടറി ക്ലബ് റിയല്‍ ഹീറോ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ സുമനസ്സിനെ തേടിയെത്തി. എറണാകുളം ജനറല്‍ ആശുപത്രിയിലും ആദരവ് നല്‍കി.

അംഗീകാരങ്ങള്‍ രോഗികളോടുള്ള തന്റെ ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് മണി പറയുന്നു. 5 രോഗികള്‍ക്ക് ഒരു വര്‍ഷത്തിനിടെ ഇവര്‍ നല്‍കിയത് മൂന്നരലക്ഷം രൂപയാണ്. ഈ രംഗത്തുള്ള ചില കള്ളനാണയങ്ങള്‍ താനുള്‍പ്പെടെയുള്ള തെരുവ് ഗായകരുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതിലേ മണിക്ക് പരാതിയുള്ളു. രോഗികളുടെ പേരുപയോഗിച്ചും സുമനസ്സുകളുടെ കാരുണ്യം ചൂഷണം ചെയ്തും തട്ടിപ്പ് നടത്തരുതേ എന്ന അപേക്ഷയാണ് ജീവിതം കൊണ്ട് കാരുണ്യത്തിന്റെ അര്‍ത്ഥം കുറിയ്ക്കുന്ന ഈ സിവില്‍ എന്‍ജിനീയര്‍ നമുക്ക് മുന്നിലേയ്ക്ക് വയ്ക്കുന്നത്.

DONT MISS
Top