കൊല്ലം ജില്ലയില്‍ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കുന്നതായി പരാതി

റേഷന്‍ ഉപഭോക്താവ്

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയ കൊല്ലം ജില്ലയില്‍ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തുന്ന സാധനങ്ങള്‍ പൂര്‍ണമായും കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ല. സാധനങ്ങള്‍ വന്നിട്ടില്ല എന്ന മറുപടിയാണ് റേഷന്‍ കടകളില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ഇ പോസ് മെഷിന്‍ വഴി റേഷന്‍ വിതരണം ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്. എന്നാല്‍ ഈ പോസ് മെഷിനില്‍ രേഖപ്പെടുത്തുന്ന റേഷന്‍ സാധനങ്ങള്‍ പൂര്‍ണമായും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നില്ല. ഈ പോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച ശേഷം ഏതെങ്കിലും ഒരു ഇനം സാധനം മാത്രം നല്‍കുകയും ബാക്കി സാധനങ്ങള്‍ വന്നിട്ടില്ലെന്നുമാണ് റേഷന്‍ വ്യാപാരികള്‍ ഉപഭോക്താക്കളെ ധരിപ്പിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബില്ല് നല്‍കാതെ കൂടുതല്‍ തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

ഈ പോസ് മെഷിന്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാതെയും, കാര്‍ഡുടമകള്‍ക്ക് ലഭിക്കേണ്ട സാധനങ്ങള്‍ കൃത്യമായും നല്‍കാത്ത കടകള്‍ക്കെതിരേ നടപടി സ്വികരിക്കുമെന്നും ജില്ല സപ്ലെ ഓഫീസ് വിഭാഗം അറിയിച്ചു. അതേ സമയം അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി റേഷന്‍ ഉപഭോക്തൃ സമിതി രൂപീകരിച്ച് പ്രതികരിക്കാനും കാര്‍ഡുടമകള്‍ തീരുമാനിച്ചു.

DONT MISS
Top