ദി കള്‍പ്രിറ്റ്; മനസില്‍ ചോദ്യങ്ങളവശേഷിപ്പിച്ച് ഒരു മികച്ച ഹ്രസ്വചിത്രം

ഒരു മികച്ച കഥാതന്തുവിന് അത്ഭുതം സൃഷ്ടിക്കാനാകും എന്ന് കാണിച്ചുതരികയാണ് ജിജോ ജോര്‍ജ് അലക്‌സ് എഴുതി സംവിധാനം ചെയ്ത ദി കള്‍പ്രിറ്റ് എന്ന കൊച്ചു ചിത്രം. അവസാനം വരെ പറയുന്ന വിഷയത്തില്‍ പുലര്‍ത്തിയ ശ്രദ്ധയും കൃത്യതയാര്‍ന്ന ആഖ്യാനവും ചേര്‍ന്നപ്പോള്‍ ഒരു ഹ്രസ്വചിത്രത്തിന് ഉണ്ടാകാവുന്ന പരിമിതികളെ ദി കള്‍പ്രിറ്റ് മറികടന്നു.

ഒരു കുറ്റവാളി അര്‍ഹിക്കുന്നതെന്ത് എന്നതിനേക്കുറിച്ച് രണ്ടുവട്ടം ചിന്തിക്കാന്‍ ഈ ചിത്രം പ്രേക്ഷകരെ പ്രാപ്തരാക്കും. ശരിക്കും കുറ്റകൃത്യം നടക്കുമെന്ന സൂചന ലഭിച്ചാല്‍ ഒരു പൗരന്‍ ചെയ്യേണ്ടത് എന്താണ്? ചെയ്യുന്നതിനേക്കാള്‍ വലുതാണോ കുറ്റകൃത്യം തടയാമായിരുന്നിട്ടും അത് ചെയ്യാതിരിക്കുന്നത്? ഇത്തരം ചില ചോദ്യങ്ങള്‍ കാണുന്നയാളുടെ മനസിലേക്ക് ഈ ഹ്രസ്വചിത്രം പകരും.

എന്നാല്‍ ശിക്ഷകള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ആരാണ്? കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയില്‍ വിധി തീരുമാനിക്കപ്പെട്ടാല്‍ അതിനെ പുരോഗമന സമൂഹം ഏത് രീതിയില്‍ പരിഗണിക്കും എന്നുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ 12 മിനുട്ട് കടന്നുപോയിക്കഴിഞ്ഞ് മാത്രമേ ഇവയെല്ലാം മനസിലേക്ക് എത്തുന്നുള്ളൂ എന്നത് സംവിധായകന്റെ വിജയമായി കണക്കാക്കാം.

കുറച്ച് കഥാപാത്രങ്ങളും ചുരുക്കം സീനുകളും കൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നത്. അത് ഈ ചിത്രത്തിന് ഒരു പരിമിതിപോലുമാകുന്നില്ല. ഫാദര്‍ ടിന്റോ തോമസും പിഷോണ്‍ ഫെര്‍ണാണ്ടസുമാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സംവിധായകന്‍ തന്നെ എഡിറ്റിംഗ് നിര്‍വഹിച്ചപ്പോള്‍ ശബ്ദ മിശ്രണം നടത്തിയത് റോഷനാണ്.

DONT MISS
Top