രൂപാലി: കടുവ ആക്രമിച്ചിട്ടും പിന്‍മാറാന്‍ കൂട്ടാക്കാത്ത ധൈര്യശാലി

ഭണ്ഡാര: കടുവയുടെ ആക്രമണത്തിലും ധൈര്യം വിടാതെ പിടിച്ചുനിന്ന 23 വയസുകാരിയായ ഇന്ത്യക്കാരിയെ പ്രശംസകൊണ്ട് മൂടുകയാണ് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശിയായ രൂപാലി മേശ്രാം എന്ന യുവതിയാണ് അസാമാന്യ ധൈര്യം പുറത്തെടുത്ത് കടുവയുടെ മുന്നില്‍ പിടിച്ചുനിന്നത്.

ആടുകള്‍ കരയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ രൂപാലി കണ്ടത് ഒരു കടുവ തന്റെ ആടുകളെ ആക്രമിക്കുന്നതാണ്. എന്നാല്‍ കടുവയെ പേടിച്ച് വീടിനുള്ളിലേക്ക് പിന്‍വലിയാന്‍ രൂപാലി തയാറായില്ല. ഒരു വടിയെടുത്ത് അവര്‍ കടുവയുടെ നേര്‍ക്ക് പാഞ്ഞടുത്തു. എന്നാല്‍ രൂപാലിക്കുനേരെ കുതിച്ചുചാടിയ കടുവ അവരെ നിലത്ത് വീഴ്ത്തി. വീണ്ടും കടുവയെ നേരിടാനൊരുങ്ങിയ രൂപാലിയെ അമ്മയായ ജീജാബായ് വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കടുവയുടെ ആക്രമണത്തെ അതിജീവിക്കാന്‍ ആടിന് സാധിച്ചില്ല.

രൂപാലി ഇപ്പോള്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അസാമാന്യ ധൈര്യമാണ് യുവതി പുറത്തെടുത്തതെന്ന് രൂപാലിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ബിബിസി ന്യൂസിനോട് പ്രതികരിച്ചു. അവരുടെ രക്തമൊലിപ്പിച്ചുനില്‍ക്കുന്ന ചിത്രവും അവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

താന്‍ ചികിത്സയ്ക്ക് ശേഷം ഉടന്‍തന്നെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുന്നതില്‍ അല്‍പം സമ്മര്‍ദ്ദമുണ്ടെങ്കിലും അതൊന്നും തന്നെ ഭയപ്പെടുത്തില്ല എന്ന് രൂപാലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മകള്‍ മരിച്ചുപോകുമെന്നാണ് താന്‍ കരുതിയതെന്നും അവളെ കണ്ടപ്പോള്‍ അവള്‍ രക്തമൊലിപ്പിച്ച് നില്‍ക്കുകയായിരുന്നുവെന്നും രൂപാലിയുടെ അമ്മയും പറയുകയുണ്ടായി.

DONT MISS
Top