പന്ത് ചുരണ്ടല്‍ വിവാദം: വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് താരങ്ങള്‍

ബന്‍ക്രോഫ്റ്റ്, സ്മിത്ത്

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് വ്യക്തമാക്കി സ്റ്റീവ് സ്മിത്തും, കാമറൂണ്‍ ബന്‍ക്രോഫ്റ്റും. നേരത്തെ, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും, കാമറൂണ്‍ ബന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ ബിസിസിഐ ഐപിഎല്‍ പതിനൊന്നാം പതിപ്പ് മത്സരങ്ങളില്‍ നിന്നും സ്മിത്തിനെയും വാര്‍ണറെയും വിലക്കിയിരുന്നു.

വിലക്ക് കഴിഞ്ഞ് വീണ്ടും രാജ്യത്തിനുവേണ്ടി കളിക്കും. നായകനെന്ന നിലയില്‍ സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തതാണ്. വിധിക്കെതിരെ ഞാന്‍ അപ്പീല്‍ പോകില്ല. ശക്തമായ സന്ദേശം നല്‍കിക്കൊണ്ടുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിധിയാണത്. അത് ഞാന്‍ സ്വീകരിക്കുന്നു, സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിധി അംഗീകരിക്കുന്നതായും. എല്ലാം മറന്ന് ഓസ്‌ട്രേലിയന്‍ ജനതയുടെ വിശ്വാസം തിരികെ ലഭിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നുമായിരുന്നു ബന്‍ക്രോഫ്റ്റിന്റെ ട്വീറ്റ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ വച്ച് നടന്ന മൂന്നാം ടെസ്റ്റിനിടെ ക്യാപ്റ്റനായ സ്മിത്തിന്റെയും വാര്‍ണറുടെയും നിര്‍ദ്ദേശ പ്രകാരം ബന്‍ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 43-ാം ഓവറിലാണ് സംഭവം നടന്നത്. മഞ്ഞ നിറമുള്ള ഒരു വസ്തു ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാരായ നൈജല്‍ ലോങും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും ബെന്‍ക്രോഫ്റ്റുമായി സംസാരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ക്രോഫ്റ്റ് അമ്പയര്‍മാരെ കാണിച്ചത്. പക്ഷെ വിവാദം കൊഴുത്തതോടെ സ്മിത്ത് സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

DONT MISS
Top