കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സാധുവായി

കരുണ മെഡിക്കല്‍ കോളെജ്

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധുവാക്കുന്ന മെഡിക്കല്‍ ബില്‍ നിയമസഭ പാസാക്കി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് ഇതോടെ സാധുവായിരിക്കുന്നത്. സഭ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്.

വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ സിപ്രിം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ട് ബില്‍ പാസാക്കിയത്.

വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും അതിനാലാണ് ബില്ലിനെ പിന്തുണച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്ലിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ വിടി ബല്‍റാം ഉയര്‍ത്തിയ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് പ്രതിപക്ഷം പിന്തുണച്ചത്. ബില്‍ സ്വകാര്യ മേഖയലെ സഹായിക്കാനാണെന്ന ബല്‍റാം കുറ്റപ്പെടുത്തി.

ബില്‍ പാസാക്കിയതില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിയൊന്നും ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. ബില്ലില്‍ അപാകതയില്ലെന്നും ബില്‍ നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

രണ്ട് കോളെജുകളിലുമായി 135 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയിംസ് കമ്മറ്റി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രിം കോടതിയും ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

DONT MISS
Top