പരാതി നല്‍കാനെത്തിയ തന്നെ യോഗി ആദിത്യനാഥ് തള്ളിമാറ്റി; ആരോപണവുമായി യുവാവ്

ആയുഷ്, യോഗി ആദിത്യനാഥ്

ഗൊരഖ്പൂര്‍: പരാതി നല്‍കാനെത്തിയ തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിമാറ്റിയെന്ന ആരോപണവുമായി യുവാവ് രംഗത്ത്. ജനതാ ദര്‍ബാറില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കാനെത്തിയതായിരുന്നു ആയുഷ് സിംഗാള്‍ എന്ന യുവാവ്. ഇയാള്‍ ലഖ്‌നൗ സ്വദേശിയാണ്.

എംഎല്‍എയായ അമന്‍മണി ത്രിപാദി എന്റെ ഭൂമി തട്ടിയെടുത്തു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയതായിരുന്നു താന്‍. എന്നാല്‍ പരാതി നല്‍കി അത് വിവരിക്കുന്നതിന് മുന്‍പ് തന്നെ പേപ്പര്‍ കീറിക്കളയുകയും, നടപടി എടുക്കാന്‍ സാധിക്കില്ല എന്നുപറഞ്ഞ് തന്നെ തള്ളിമാറ്റുകയുമായിരുന്നു, യുവാവ് ആരോപിച്ചു.

അതേസമയം മതിയായ രേഖകളോട് കൂടി എത്താനാണ് യുവാവിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നായിരുന്നു ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ വിജയേന്ദ്ര പാണ്ഡ്യന്റെ വിശദീകരണം. പലരും പരാതി പറയാനെത്തുന്നത് മതിയായ രേഖകളില്ലാതെയാണ്. പൂര്‍ണമായ പരാതിയുമായി എത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതും. വെറും കയ്യോടെയാണ് ആയുഷ് എത്തിയത്. അതുകൊണ്ട് തന്നെ ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്തതിന് ശേഷം സമീപിക്കാന്‍ അദ്ദേഹം യുവാവിനോട് പറയുകയാണുണ്ടായതെന്നും വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു.

DONT MISS
Top