എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഭൂസമരം ഉടലെടുക്കുന്നു; ആയിരങ്ങള്‍ അണിചേരും

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഭൂസമരം ഉടലെടുക്കുന്നു. വിവിധ ദലിത്- ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഹാരിസണ്‍ ഭൂമി കൈയടക്കി കൊണ്ടുള്ള സമരമാണ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ചെങ്ങറ, അരിപ്പ, മുത്തങ്ങ മാതൃകയിലുള്ള സമരത്തില്‍ ആയിരങ്ങള്‍ പങ്കുചേരുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ റവന്യൂഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വിദേശകമ്പനികളില്‍ നിന്നും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിന് വിവിധ സംഘടനകള്‍ തയാറെടുക്കുന്നത്. സംസ്ഥാനത്താകെയുള്ള 290000 ദലിത് കോളനികളിലും 4800 ആദിവാസി കോളനികളിലുമായി രണ്ട് ലക്ഷത്തിമുപ്പത്തി മൂവായിരം ഭൂരഹിതരുണ്ടെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്ക്.

എന്നാല്‍ ഇതില്‍ അവ്യക്തതയുണ്ടെന്നും അഞ്ച് സെന്റിനുള്ളില്‍ മൂന്നു കുടുംബങ്ങള്‍ വരെ കഴിയുന്നവരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുമാണ് ഭൂഅവകാശ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്ന വിഷയം. അത്തരക്കാരുടെ കണക്ക് കൂടി ഉള്‍പ്പെട്ടാല്‍ സംസ്ഥാനത്ത് ഭൂരഹിതരുടെ എണ്ണം നാല് ലക്ഷത്തിലധികമാകുമെന്നും ഇവര്‍ പറയുന്നു.

വിവിധ ജില്ലകളില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ഭൂരഹിതരുടെ സമഗ്ര ലിസ്റ്റ് തയാറാക്കുകയാണ് ആദ്യ പടി. ഈ കണക്ക് സര്‍ക്കാരിന് കൈമാറി സമര പ്രഖ്യാപനം നടത്തും. ദലിത്, ആദിവാസി തോട്ടം തൊഴിലാളി, മത്സ്യതൊഴിലാളി തുടങ്ങിയ വിഭാഗങ്ങളെയെല്ലാം സമരത്തില്‍ അണിനിരത്തും. ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ ഹാരിസണ് കേരളത്തില്‍ ഇപ്പോഴും എങ്ങനെ ഭൂമി കൈവശം വെയ്ക്കാനാകുമെന്ന ചോദ്യം കോടതിയില്‍ ചൂണ്ടിക്കാട്ടുക എന്നതാണ് രണ്ടം ഘട്ടം.

അഭിഭാഷകരായിരിക്കേ ഹാരിസണു വേണ്ടി കേസ് വാദിച്ചിരുന്ന ന്യായാധിപരില്‍ നിന്ന് നീതി ലഭിക്കുക എന്നത് നാടിനെ അറിയിച്ചു മാത്രമേ സാധ്യമാകു എന്നുള്ളത് ഹൈക്കോടതി മാര്‍ച്ച് ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. മൂന്നാംഘട്ടം ഹാരിസന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വലിയ പ്രചരണങ്ങള്‍ സംഘടിപ്പിക്കും.

തോട്ടം തൊഴിലാളികളെ മുന്‍ നിര്‍ത്തി സമരം പരാജയപ്പെടുത്താനുള്ള നീക്കം തടയാന്‍ അവരെയും ഇതേക്കുറിച്ച് ബോധവാന്‍മാരാക്കും എന്നും ഇവര്‍ പറയുന്നു. ഹാരിസന്റെ ഉടമസ്ഥതയിലുള്ള 38000 ഏക്കര്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത സ്‌പെഷല്‍ ഓഫീസര്‍ എംജി രാജമാണിക്യത്തിന്റെ നടപടിയെക്കുറിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പറയാനിരിക്കെയാണ് ഭൂമി ഭൂരഹിതര്‍ക്ക് എന്ന ആവശ്യമുന്നയിച്ച് പുതിയ സമരം ഉടലെടുക്കുന്നത്.

DONT MISS
Top