വിവാഹദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം: പ്രധാനപ്രതിയെ പിടികൂടിയില്ല, പ്രതിഷേധം ശക്തമാകുന്നു

അറസ്റ്റിലായ പ്രതികള്‍

കോഴിക്കോട്: വടകരയില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസിലെ പ്രധാന പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വടകര സിഐ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. അതിനിടെ കേസില്‍ പിടിയിലായ സ്റ്റുഡിയോ ഉടമകളെ കോടതി റിമാന്‍ഡ് ചെയ്തു.

വടകര സദയം സ്റ്റുഡിയോയിലെ ജീവനക്കാരനായ ബിബീഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടിയിട്ടില്ല. ഇയാളെ പിടികൂടിയാല്‍ മാത്രമെ കേസില്‍ തുടരന്വേഷണം നടത്താനാകൂ എന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.

നൂറുകണക്കിന് സ്ത്രീകളാണ് വടകര സിഐ ഓഫീസിലേക്ക് നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തത്. ഉടുത്തൊരുങ്ങി വന്നവരെ ഉടുതുണി ഇല്ലാതാക്കിയ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. ഈ കുറ്റകൃത്യത്തിന്റെ ഭാഗമായവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇത് സ്ത്രീത്വത്തെ അപമാനിക്കലല്ല, വില്‍പ്പന നടത്തലാണ്. പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ അറസ്റ്റിലായ സദയം സ്റ്റുഡിയോ ഉടമകളായ വൈക്കലശേരി ദിനേശന്‍, സഹോദരന്‍ സതീശന്‍ എന്നിവരെ വടകര കോടതി റിമാന്‍ഡ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് സ്റ്റുഡിയോ ജീവനക്കാരനായ ബിബീഷ് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സംഭവം മൂടിവെച്ചതിനും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് സൂക്ഷിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് കേസന്വേഷിക്കുന്നത്. ഒന്നാം പ്രതി ഉടന്‍ തന്നെ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

DONT MISS
Top