ഹാഫിസ് സയിദിന്റെ പാര്‍ട്ടി ഇനി ഭീകരസംഘടന; നിര്‍ണായക പ്രഖ്യാപനം നടത്തി ട്രംപ് ഭരണകൂടം

ഫയല്‍ ചിത്രം

വാഷിംങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദിന്റെ മില്ലി മുസ്‌ലിം ലീഗിനെ [എംഎംഎല്‍] അമേരിക്കയിലെ ട്രംപ് ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ നിര്‍ണാക നീക്കം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു. രജിസ്‌ട്രേഷന് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

എംഎംഎല്‍ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ലഷ്‌കറിന്റെ നയങ്ങള്‍ പ്രചരിപ്പിക്കുന്ന സഖ്യകക്ഷിയാണെന്നുമാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല എംഎംഎല്ലിന്റെ തലപ്പത്തുള്ള ഏഴ് നേതാക്കളെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഭീകരരായും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹാഫിസ് സയിദിന്റെ തെഹ്‌രികെ ആസാദി കാശ്മീരിനെയും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ ആക്രമണം നടത്തിയ ജമാഅത്തുദ്ദവ എന്ന സംഘടനയെയാണ് തെഹ്‌രികെ ആസാദിയെന്ന് പിന്നീട് ഹാഫിസ് സയിദ് പേര് മാറ്റിയത്. ഭീകരസംഘടന ലഷ്‌കറെ തയിബയുടെ ഭാഗമാണ് തെഹ്‌രികെ ആസാദിയെന്നാണ് യുഎസിന്റെ വാദം.

2008ല്‍ ഹാഫിസ് സയിദിന്റെയും സംഘടനയുടെയും നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഹാഫിസ് സയിദിനെതിരെ നിയമനടപടിയ്ക്ക് ഇന്ത്യ രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യക്കെതിരേയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സയിദ്.

മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാഫിസ് സയിദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്. പിന്നീട് അമേരിക്കയുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ സംഘടനയെ കഴിഞ്ഞവര്‍ഷം ജൂണില്‍ പാക് സര്‍ക്കാരും നിരോധിച്ചിരുന്നു.

DONT MISS
Top