വ്യാജവാര്‍ത്തകളുടെ പേരിലുള്ള അക്രഡിറ്റേഷന്‍ റദ്ദാക്കല്‍; ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

പ്രതീകാത്മക ചിത്രം

ദില്ലി: വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.

വ്യാജ വാര്‍ത്തകളുടെ പേരില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദഉത്തരവ് മാധ്യമസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി അക്രഡിറ്റേഷന്‍ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തിരുന്നു. കൂടാതെ മാധ്യമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരല്ല പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് തീരുമാനം എടുക്കേണ്ടതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. കുറ്റകൃത്യങ്ങളുടെ തീവ്രത അടിസ്ഥാനമാക്കി അക്രഡിറ്റേഷന്‍ റദ്ദാക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ആദ്യ തവണയാണ് വ്യാജവാര്‍ത്ത ചെയ്യുന്നതെങ്കില്‍ ആറുമാസത്തേക്കും രണ്ടാം തവണയാണ് വ്യാജവാര്‍ത്ത ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയും വ്യാജവാര്‍ത്ത നല്‍കിയാല്‍ അക്രഡിറ്റേഷന്‍ സ്ഥിരമായും റദ്ദാക്കുമെന്നുമായിരുന്നു ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

അച്ചടി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും വിഷയത്തില്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിക്കുക എന്നും സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം ലഭിച്ചതോടെ വിവാദ ഉത്തരവ് പിന്‍വലിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കി.

DONT MISS
Top