ഭാരത് ബന്ദ്: യുപിയിലെ അക്രമങ്ങളുടെ മുഖ്യസൂത്രധാരനായ ബിഎസ്പി നേതാവ് പൊലീസ് കസ്റ്റഡിയില്‍

മുസാഫര്‍നഗറില്‍ വാഹനങ്ങള്‍ക്ക് തീയിട്ടപ്പോള്‍

ലഖ്‌നൗ: ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലുണ്ടായ സംഘര്‍ഷങ്ങളുടെ മുഖ്യസൂത്രധാരന്‍ ബിഎസ്പി നേതാവെന്ന് പൊലീസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹസ്തിനപൂരിലെ മുന്‍ എംഎല്‍എ കൂടിയായ യോഗേഷ് വര്‍മയാണ് അക്രമങ്ങളുടെ സൂത്രധാരനെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 75 ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമസംഭവങ്ങളുടെ മുഖ്യസൂത്രധാരന്‍ യോഗേഷ് വര്‍മയാണെന്ന് മീററ്റിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍ സെയ്‌നി വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോട് വ്യക്തമാക്കി.

കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് യോഗേഷ്. അക്രമങ്ങളുടെ പേരില്‍ ഇരുനൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


മീററ്റിലും മുസാഫര്‍പൂരിലും ഓരോരുത്തര്‍ വീതമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ 45 ഓളം പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. യുപിയില്‍ മീററ്റിലാണ് ഏറ്റവുമധികം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദ്രുതകര്‍മ സേനയിലെ 200 അംഗങ്ങളെ മീററ്റിലേക്ക് അയച്ചിരുന്നു. അക്രമം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.

പട്ടികജാതി-വര്‍ഗ നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം ഭാരത് ബന്ദ് നടത്തിയത്.

DONT MISS
Top