ഇത് കോടതി വിധിയോട് മാത്രമല്ല, ബിജെപി ഭരണത്തിന് കീഴില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്: തോമസ് ഐസക്‌

തോമസ് ഐസക്ക്

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടുള്ള ദേശവ്യാപക പ്രതികരണം പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന സുപ്രിംകോടതി വിധിയോടുള്ള പ്രതിഷേധം മാത്രമല്ല, ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെമ്പാടും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അണപൊട്ടിയൊഴുകല്‍ കൂടിയാണെന്ന് ധനമന്ത്രി തോമസ് ഐസക്.

പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നടന്ന വെടിവെയ്പില്‍ അഞ്ച് ദലിതര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലും യുപിയിലും ഓരോരുത്തരും. പൊലീസ് മാത്രമല്ല, സവര്‍ണ ഗുണ്ടകളും ദലിതരെ അടിച്ചമര്‍ത്തുന്നതിന് ഇറങ്ങിയെന്നാണ് പുറത്തുവന്ന വാര്‍ത്തകളിലും ചിത്രങ്ങളിലും നിന്ന് വ്യക്തമാകുന്നത്, ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ ഇന്നത്തെ ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സുപ്രിംകോടതി. ഈ നിയമത്തിന് കീഴില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നതല്ല, രാജ്യത്തൊരിടത്തും അപരാധികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇതിനുള്ള പരിഹാരമാണ് സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരും ആലോചിക്കേണ്ടതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top