സിറ്റിക്കും വെര്‍ണയ്ക്കും സിയസിനും പുതിയ വെല്ലുവിളി; യാരിസ് എത്തുന്നത് മെയ് 18ന്

മാരുതി സിയസ്, ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി എന്നീ കാറുകളോട് നേരിട്ട് മത്സരിക്കാനായി ടൊയോട്ട യാരിസുമായി എത്തുന്നു. മെയ് 18നാണ് വാഹനം പുറത്തിറങ്ങുക. അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചെങ്കിലും ഈ മാസം 22 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് ടൊയോട്ട അറിയിക്കുന്നു.

നിലവില്‍ എറ്റിയോസിന് മുകളില്‍, കൊറോള ആള്‍ട്ടിസിന് തൊട്ടുപിന്നിലായാണ് യാരിസ് എത്തുന്നത്. ഈ സെഗ്മെന്റില്‍ ടൊയോട്ടയ്ക്ക് സെഡാനുകളില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഈ പോരായ്മ മുതലെടുത്താണ് ഇത്രയും വലിയ വിജയം ഹോണ്ട സിറ്റിയും ഹ്യുണ്ടായ് വെര്‍ണയും മാരുതി സിയസും നേടിയത് എന്നും ടൊയോട്ട കരുതുന്നു. നിലവില്‍ ഇത്തരം മോഡലുകളോടെല്ലാം എല്ലാത്തരത്തിലും ഏറ്റുമുട്ടാന്‍ യാരിസിന് സാധിക്കും വിധത്തിലായിരിക്കും ഇന്ത്യയിലെ വാഹനത്തിന്റെ വരവ്.

108 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എഞ്ചിന്‍ പെട്രോള്‍ വേരിയന്റ് മാത്രമാകും ആദ്യം അവതരിക്കുക. ഭാവിയില്‍ ഡീസല്‍ പതിപ്പ് എത്താനുള്ള സാധ്യത തള്ളാനാവില്ല. കൂടുതല്‍ മികച്ച വിപണി സാഹചര്യങ്ങള്‍ ലഭിച്ചാല്‍ പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ യാരിസ് ഇന്ത്യയിലെത്തും. ഇതോടെ ഹൈബ്രിഡ് കാറുകളില്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്ന കാറായി യാരിസ് മാറും.

എല്ലാവിധ സുരക്ഷാ ഫീച്ചറുകളും സംയോജിപ്പിച്ചാണ് യാരിസ് എത്തുന്നത്. റൂഫ് മൗണ്ടഡ് എയര്‍വെന്റ്‌സ് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, പവര്‍ ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നിരവധി കൗതുകമുണര്‍ത്തുന്ന ഫീച്ചറുകളും ടൊയോട്ട ഇവിടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 8-13 ലക്ഷം വരെയായിരിക്കും എക്‌സ് ഷോറൂം വില എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

രണ്ട് വര്‍ഷത്തിനകം എറ്റിയോസ് മോഡലുകള്‍ ടൊയോട്ട വിപണിയില്‍നിന്ന് പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈയവസ്ഥയില്‍ എറ്റിയോസ് വാങ്ങണമെന്ന് കരുതുന്നവരിലേക്കും എത്തിപ്പെടുക എന്നത് യാരിസിന്റെ ലക്ഷ്യമാണ്.

DONT MISS
Top