കിരീടവുമായെത്തിയ കേരളാ ടീമിന് ആവേശോജ്ജ്വല സ്വീകരണം

വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം

കൊച്ചി: നീണ്ട കാത്തിരിപ്പിനൊടുവില്‍ സന്തോഷ് ട്രോഫി കേരളത്തിലെത്തിച്ച ടീം അംഗങ്ങള്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണം. ബന്ധുക്കളും നാട്ടുകാരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് താരങ്ങളെ സ്വീകരിക്കാന്‍ എത്തിയത്.

13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളാ ടീം സന്തോഷ് ടോഫിയുമായെത്തുന്നത് കാത്ത് മൂന്നു മണിയോടെ തന്നെ വിമാനത്താവളവും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ കോച്ച് സതീവന്‍ ബാലനും ക്യാപ്റ്റന്‍ രാഹുല്‍ വി രാജും കിരീടവുമായി നാല് മണിയോടെ വിമാനത്താവളത്തിന് പുറത്തേക്കെത്തി.

സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കെടി ജലീല്‍ താരങ്ങളെ മാലയിട്ട് സ്വീകരിച്ചു. ഏപ്രില്‍ ആറിന് ടീമംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ സ്വീകരണം നല്‍കുമെന്നും അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ ഹൈബി ഈഡന്‍, പിടി തോമസ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കേരള ടീമിനെ സ്വീകരിക്കാനെത്തിയിരുന്നു.

ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം ഇത്തവണത്തെ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുന്നത്. നിശ്ചിതസമയത്ത് 1-1 നും അധികസമയത്ത് 2-2 നും തുല്യത പാലിച്ചതിനെ തുടര്‍ന്നായിരുന്നു ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തട്ടിയിട്ട ഗോള്‍ കീപ്പര്‍ വി മിഥുനാണ് കേരളത്തിന്റെ ഹീറോയായത്. ഷൂട്ടൗട്ടില്‍ 4-2 നായിരുന്നു കേരളത്തിന്റെ വിജയം.

DONT MISS
Top