ദലിതുകളെ അടിച്ചമര്‍ത്തുക എന്നത് ബിജെപിയുടെ ഡിഎന്‍എയിലുള്ളത്, ഭാരത ബന്ദിനെ സല്ല്യൂട്ട് ചെയ്ത് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: രാജ്യത്ത് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിന് പൂര്‍ണ പിന്തുണയറിയിച്ചും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ദലിതുകളെ അടിച്ചമര്‍ത്തുക ചവിട്ടി താഴ്ത്തുക എന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഡിഎന്‍എയില്‍ ലയിച്ച് ചേര്‍ന്നിട്ടുള്ളതാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.

എല്ലാ പ്രതിഷേധങ്ങളെയും അക്രമം കൊണ്ട് നേരിടുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാരില്‍നിന്നും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആയിരകണക്കിന് ദലിത് സഹോദരങ്ങളാണ് ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറെ കോണ്‍ഗ്രസ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.  പട്ടികജാതി വര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രിം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഇന്ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭാരതബന്ദില്‍ വ്യാപക അക്രമങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി, ഉത്തര്‍പ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ ബാര്‍മര്‍ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രക്ഷോഭകാരികളും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായി.

പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ വ്യക്തികളെയും ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രിം കോടതി മാര്‍ച്ച് 21 ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

DONT MISS
Top