കാവേരി പ്രശ്‌നം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു, എഐഎഡിഎംകെ എംപി രാജിവെച്ചു

മുത്തുകറുപ്പന്‍

ചെന്നൈ: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എഐഡിഎംകെ എംപി രാജിവെച്ചു. രാജ്യസഭാ എംപിയായ മുത്തുകറുപ്പാണ് രാജിവെച്ചത്. തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഡിഎംകെ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ രാജി.

കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് വെങ്കയ്യ നായിഡുവിന് നല്‍കിയ കത്തില്‍ അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ ഏപ്രില്‍ അഞ്ചിന് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

യോഗത്തില്‍ ഡിഎംകെയ്ക്ക് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തു. ഹര്‍ത്താലില്‍ പങ്കുചേരാന്‍ എഐഡിഎംകെയെയും ക്ഷണിക്കുന്നതായി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഏപ്രില്‍ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ യോഗത്തില്‍ ധാരണയായിരുന്നു.

കാവേരി വിഷയത്തില്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മാനേജ്‌മെന്റ് രൂപീകരണം കേന്ദ്രം മനപ്പൂര്‍വ്വം നീട്ടുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാവേരി കേസ് വിധി നടപ്പാക്കാന്‍ മൂന്ന് മാസത്തെ സാവകാശവും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തില്‍ വ്യക്തതയും തേടി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

DONT MISS
Top