പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് എംപി കാലയളവിലെ മുഴുവന്‍ ശമ്പളവും സംഭാവന നല്‍കി സച്ചിന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ദില്ലി: രാജ്യസഭാ എംപിയായിരുന്ന കാലയളവിലെ മുഴുവന്‍ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ ആറ് കൊല്ലത്തെ 90 ലക്ഷം രൂപയും കൂടാതെ പ്രതിമാസ അലവന്‍സുമാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടെ 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ സച്ചിന്‍ എംപി ഫണ്ടില്‍ നിന്ന് വിനിയോഗിച്ചതായി സച്ചിന്റെ ഓഫീസ് അറിയിച്ചു. ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ കീഴില്‍ ആന്ധ്രപദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഗ്രാമങ്ങളും സച്ചിന്‍ നേരത്തെ ദത്തെടുത്തിരുന്നു.

നേരത്തെ നടി രേഖയ്‌ക്കൊപ്പം പാര്‍ലമെന്റില്‍ അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ സച്ചിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

DONT MISS
Top