ഇന്ദ്രന്‍സിന്റെ അവാര്‍ഡ് നേട്ടത്തെ അപമാനിച്ച സംഭവം: സനല്‍ കുമാര്‍ ശശിധരന്‍ മാപ്പ് പറഞ്ഞു

ഇന്ദ്രന്‍സ്. സനല്‍ കുമാര്‍ ശശിധരന്‍


സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിനെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മാപ്പ് പറഞ്ഞു. തനിക്ക് ഒരു നാവുപിഴ സംഭവിച്ചതാണെന്നും ഇന്ദ്രന്‍സിനെ പോലെ ഒരു നല്ലമനുഷ്യന്‍ ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നതായും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സനല്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖപരിപാടിയായ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കെവെയായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍ ഇന്ദ്രന്‍സിനെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ സംസാരിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹം അര്‍ഹിച്ചിരുന്നെങ്കിലും അവാര്‍ഡ് ലഭിച്ചിരുന്നില്ല. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായി പെര്‍ഫോം ചെയ്തവര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ ഇദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന മനുഷ്യനാണ് എന്ന തോന്നല്‍ പൊതുസമൂഹത്തിനുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതംവെപ്പ് എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സനല്‍.

എന്നാല്‍ ഇതിനെതിരെ ആളൊരുക്കം ചിത്രത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ് രംഗത്തെത്തി. ഇന്ദ്രന്‍സിന്റെ ഈ നേട്ടത്ത ഇത്ര ചെറുതാക്കണോ സനല്‍ കുമാര്‍ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിലാഷ് ചോദിച്ചു. ഒരാള്‍ക്ക് ഒരംഗീകാരം കിട്ടുമ്പോള്‍ ആ പെര്‍ഫോമന്‍സ് കാണാതെ തന്നെ അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തരമാണെന്ന് അഭിലാഷ് പറഞ്ഞു.

താങ്കള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ മറ്റെന്തൊക്കെയോ ആണെന്നുമുള്ള അഭിപ്രായം പരമപുച്ഛത്തോടെ മാത്രമെ കാണാനാകൂയെന്ന് വിസി അഭിലാഷ് അഭിപ്രായപ്പെട്ടു.

DONT MISS
Top