ജിസാറ്റ് 6എയുടെ ഭാവി അനിശ്ചിതത്വത്തില്‍; ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ

ഫയല്‍ചിത്രം

ചെന്നൈ: രാജ്യത്തിന്റെ വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിന് സഹായകരമായേക്കാവുന്ന ഉപഗ്രഹം ജിസാറ്റ് 6എയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഉപഗ്രഹത്തിന്റെ വൈദ്യുത ബന്ധത്തിന് തകരാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയന്ത്രണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥം ഉയര്‍ത്താനുള്ള രണ്ടാം ശ്രമത്തിന് ശേഷമാണ് ബന്ധം നഷ്ടമായത്. കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം. വിക്ഷേപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ഇത്തരമൊരു പിഴവുണ്ടായിരിക്കുന്നത്.

ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും വ്യാഴാഴ്ച വൈകീട്ട് 4;56 ന് ജിസാറ്റുമായി കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ലക്ഷ്യം കണ്ടിരുന്നു. ഭൂമിയുടെ 180 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷന്‍ മാര്‍ച്ച് 30ന് രാവിലെ ആദ്യ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി.

ഫയല്‍ചിത്രം

ശനിയാഴ്ച രാവിലെയായിരുന്നു രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിഗ്നല്‍ സ്റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉപഗ്രഹത്തിന്റെ പവര്‍ സംവിധാനത്തിന് സാരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തുന്നത്.  ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

2015ല്‍ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജിസാറ്റ് 6എ വിക്ഷപിച്ചത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിയ്ക്കാന്‍ 6എയ്ക്ക് സാധിക്കും. സാറ്റ് ലൈറ്റ് ഫോണുകള്‍ക്കും 4ജി സാങ്കേതികതയ്ക്കും ഏറെ സഹായകമാകുന്നതാണ് ജിസാറ്റ് 6എ. മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേയ്‌ക്കെത്തിക്കുന്നതിന് സഹായകരമാകുന്നതാണ് ജിസാറ്റ് 6എയുടെ വിക്ഷേപണം.

കൂടുതല്‍ വ്യക്തതയോടെ സിഗ്നല്‍ കൈമാറാനും ഉപഗ്രഹത്തിന് സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സൈനിക ആവശ്യങ്ങള്‍ക്ക് ഇത് സഹായകരമാകും. ആറ് മീറ്റര്‍ വിസ്തീര്‍ണമുള്ള കുട പോലെ നിവര്‍ത്താവുന്ന ആന്റിന ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഗ്രൗണ്ട് ടെര്‍മിനലില്‍ നിന്നും ഉപഗ്രഹവുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ആന്റീന. ജിസാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമായിരുന്നു ഇത്. 270 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

DONT MISS
Top