ഐസിഐസിഐ വായ്പാ ക്രമക്കേട്; സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

ദില്ലി: ഐസിഐസിഐ ബാങ്കില്‍ നിന്നും വീഡിയോകോണിന് അനധികൃതമായി  തുക അനുവദിച്ച സംഭവത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. 3250 കോടി രൂപയുടെ വായ്പയാണ് ബാങ്ക് വീഡിയോ കോണിന് അനുവദിച്ചത്. ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സിബിഐ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.

വീഡിയോകോണിന് വായ്പ നല്‍കിയതില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കം നടന്നിട്ടുണ്ടോ എന്ന് സിബിഐ അന്വേഷിക്കും. വീഡിയോ കോണിന് വായ്പ അനുവദിച്ചതു വഴി മാനേജിംഗ് ഡയറക്ടര്‍ ചന്ദ കോച്ചാര്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ട്രസ്റ്റ് ഡയറക്ടര്‍ അരവിന്ദ് ഗുപ്ത വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം നടന്നതിന് തെളിവുണ്ടെന്നാണ് എസ്ബിഐയും വ്യക്തമാക്കുന്നത്.

ഇടപാടില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കുന്നത്. വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സെബിയും ബാങ്കിനെതിരെ അന്വേഷണം ആരംഭിച്ചു. സെബിയുടെ ചട്ടത്തില്‍ ബാങ്ക് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

കടപത്ര വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തിയിരുന്നു. കടപത്ര വില്‍പ്പനയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയത്.

DONT MISS
Top