ട്വിറ്ററിലും ലാല്‍ മാജിക്; രജനികാന്തിനെയും കമല്‍ഹാസനെയും കടത്തിവെട്ടി മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് നടന്‍ മോഹന്‍ലാല്‍. സിനിമകളിലെ മിന്നും വിജയത്തിന് ശേഷം സോഷ്യല്‍മീഡിയയിലും വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം. ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഉലകനായകന്‍ കമല്‍ ഹാസനെയും സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെയും കടത്തിവെട്ടിയിരിക്കുകയാണ് മോഹന്‍ലാല്‍. 50 ലക്ഷം പേരാണ് മോഹന്‍ലാലിനെ പിന്തുടരുന്നത്. 46 ലക്ഷം വീതമാണ് രജനികാന്തിന്റെയും കമല്‍ ഹാസന്റെയും ഫോളേവേഴ്‌സിന്റെ എണ്ണം.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മോഹന്‍ലാല്‍ അഭിനയിച്ച അന്യഭാഷ ചിത്രങ്ങളുടെ വിജയമാണ് ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ വര്‍ധിപ്പിച്ചത്. തെലുങ്ക് ചിത്രങ്ങളായ വിസ്മയം, ജനതാ ഗാരേജ് എന്നിവ വലിയ വിജയങ്ങള്‍ നേടിയിരുന്നു. മലയാളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ പുലിമുരുകനും തെലുങ്കിലേയ്ക്ക് മൊഴിമാറ്റിയിരുന്നു. ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതവും മോഹന്‍ലാലിന് ഏറെ ആരാധകരെ സമ്മാനിച്ചു.

മലയാള നടന്‍മാരില്‍ ട്വിറ്റര്‍ ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്. 1.5 ലക്ഷം പേരാണ് ദുല്‍ഖറിനെ ഫോളോ ചെയ്യുന്നത്. മമ്മൂട്ടിയ്ക്ക് 9.6 ലക്ഷം ആരാധകരാണുള്ളത്.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ തന്റെ അപൂര്‍വ്വ നേട്ടം താരം ആഘോഷിക്കുകയും ചെയ്തു. പുതിയ ചിത്രമായ ഒടിയന്റെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ തന്നെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

DONT MISS
Top