സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്: ആദ്യമത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഐസോളിനെ നേരിടും

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കമാകും. ആദ്യമത്സരത്തില്‍ നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി ഐലീഗില്‍ നിന്നുള്ള ഐസോളിനെ നേരിടും. കരുത്തരായ ബംഗളുരു എഫ്‌സിയെ തകര്‍ത്തായിരുന്നു രണ്ടാം തവണയും ചെന്നൈയിന്‍ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. അതേസമയം ഐ ലീഗില്‍ അഞ്ചാം സ്ഥാനക്കാരായാണ് ഐസോള്‍ സൂപ്പര്‍ കപ്പില്‍ ഇടംനേടിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍കപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്.

സൂപ്പര്‍ കപ്പ് എന്ന ഈ ഫുട്‌ബോള്‍ ഉത്സവം ഒരു ലീഗല്ല. ഒരു നോക്കൗട്ട് ടൂര്‍ണമെന്റാണ്. അതായത് ഒരു കളി തോറ്റാല്‍ പുറത്ത്. ഐഎസ്എല്ലില്‍നിന്നും ഐലീഗില്‍നിന്നും ആദ്യ ആറ് സ്ഥാനത്തെത്തിയ ടീമുകള്‍ സൂപ്പര്‍കപ്പില്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍, ഗോകുലം കേരള, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, എടികെ എന്നിവര്‍ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചാണ് എത്തിയത്. ഇങ്ങനെ ആകെ മൊത്തം 16 ടീമുകള്‍. ഇവര്‍ എട്ട് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടും. ഇതില്‍ എട്ട് ടീമുകള്‍ അവശേഷിക്കുകയും പിന്നീട് ഈ എട്ട് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി നാല് ടീമുകളാവുകയും ഈ കളികളില്‍ ജയിക്കുന്നവര്‍ ഫൈനലിസ്റ്റുകളാവുകയും ചെയ്യും.

സൂപ്പര്‍ കപ്പ് പോരാട്ടത്തിന് കേരളത്തിന് രണ്ട് ടീമുകളാണുള്ളത്. ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും, ഐലീഗില്‍ നിന്നുള്ള ഗോകുലം എഫ്‌സിയും. ഏപ്രില്‍ ഒന്നിന് കരുത്തരായ ബംഗളുരു എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. ആറാം തീയതിയാണ് ബ്ലാസ്‌റ്റേഴ്‌സ്-നെറോക്ക എഫ്‌സി പോരാട്ടം. യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലത്തിന്റെ വരവ്.

DONT MISS
Top