ഒവി വിജയന്‍; കരിമ്പനപ്പട്ടകളിലെ ഇതിഹാസപുരുഷന്‍

ഒവി വിജയന്‍

പതിമൂന്ന് വര്‍ഷം മുന്‍പ്, ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഒരു മാര്‍ച്ച് 30 ന്റെ വേനല്‍ ചൂടിലേക്കാണ് മലയാള ഭാഷയുടെ ഇതിഹാസകാരന്‍ വിടവാങ്ങിയ വാര്‍ത്ത വരുന്നത്. രവിയുടെ ജീവിത ദര്‍ശനങ്ങളുടെ സമഗ്രത ഭാഷയ്ക്ക് സമ്മാനിച്ച് പുതിയ സാഹിത്യ സങ്കല്‍പ്പവും, രചനാ സൗകുമാര്യതയും കണ്ടെടുത്തു കൊടുത്ത ഇതിഹാസം തന്നെയായിരുന്നു ഓവി വിജയന്‍ എന്നോര്‍ത്തു പോകുന്നു.

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിലും, വിവരണാതീതമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒവി വിജയന്‍. വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ദില്ലിയിലെ ഭരണ സിരാകേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, ഇന്നേവരെ കാണാത്ത ഒരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന കാല വേര്‍തിരിവ് അതോടെ സൃഷ്ടിക്കപ്പെടുകയായിരുന്നു.

ചില പുസ്തകങ്ങള്‍ ആദ്യവായനയില്‍ നമുക്ക് വഴങ്ങിത്തരില്ല; കുതറി മാറുന്ന ഇത്തരം പുസ്തകങ്ങളെ കീഴ്‌പ്പെടുത്തണമെങ്കില്‍ ശ്രദ്ധയോടെയുള്ള പുനര്‍വായന അനിവാര്യം. ഇത്തരത്തില്‍ ഒരനുഭവം സമ്മാനിച്ച ഒന്നാണ് വിജയന്റെ മാസ്റ്റര്‍പീസ് എന്ന് വിളിക്കാവുന്ന ‘ഖസാക്കിന്റെ ഇതിഹാസം’. മറ്റൊന്നായിരുന്നു ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്.’

ആദര്‍ശത്തിന്റെയും സഹനത്തിന്റെയും പ്രതിപുരുഷന്മാരോ അല്ലെങ്കില്‍ ക്രൂരതയുടെയും കുടിലതയുടെയും പര്യായങ്ങളോ ആയിരുന്നു ഒട്ടു മിക്ക മലയാള കഥകളിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. ഈ പതിവ് തെറ്റിക്കുന്ന ഒന്നാണ് ഈ നോവല്‍. മലയാള നോവലിന്റെ ചരിത്രത്തെ ‘ഖസാക്കിന് മുന്‍പും പിന്‍പും’ എന്ന് രണ്ടായി പകുക്കാം എന്ന് സാഹിത്യ പഠിതാക്കള്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെ നായകനായ രവി ഒരു സാധാരണ മനുഷ്യനാണ്. തിന്മയും നന്മയും ഒത്തു ചേര്‍ന്ന ഒരു വ്യക്തി. പഠനത്തില്‍ അതി സമര്‍ത്ഥന്‍

ഖസാക്കില്‍ നിന്നും ‘തലമുറകളി’ലെത്തുമ്പോള്‍ വിജയന്റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ആത്മീയ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്‌നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്. പുരസ്‌ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല.

വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ. വിജയന്റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരവുമാണ്. മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.’ എന്ന ആശങ്കപ്പെടല്‍ ഒവി വിജയന് എന്നുമുണ്ടായിരുന്നു.

1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഒവി വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍, ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്ന എംഎസ്പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എംഎസ്പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പഠിച്ചു. രണ്ടാം തരം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. മൂന്നാം തരം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. നാലാം തരം മുതല്‍ ആറാം തരത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. ആറാം തരത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്റര്‍മീഡിയറ്റും ബിഎയും പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളെജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളെജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ ബിരുദം നേടി.

മറ്റു സാഹിത്യകാരന്മാരുടെ കൃതികളില്‍ നിന്ന് വിജയന്റേതിനുള്ള വ്യത്യാസം അതിന്റെ ചലനശേഷിയാണ്. ഒരു വ്യക്തമായ ധര്‍മസങ്കല്‍പം ഉരുത്തിരിഞ്ഞു വരുന്നതാണ് ഇതിന് പിന്നിലെ ശക്തി. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അപഹരിക്കാത്ത ഒരു വ്യവസ്ഥിതിയാണ് ധര്‍മം എന്ന് വിശ്വസിക്കുന്നു. അതിലപ്പുറം എന്തെന്ന് പറയുക സാധ്യമല്ല. ഒരു അടിക്കുറിപ്പായി ഇത് കൂടി പറഞ്ഞുകൊള്ളട്ടെ. ജീവിതം ഒരു പ്രയാണമാണ്, പല അര്‍ത്ഥത്തില്‍. ആ പ്രയാണത്തിന് വേണ്ട വഴികാട്ടികള്‍ നാം തന്നെയാണ്. അല്ലാതെ മറ്റൊരാള്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ അധര്‍മം ഉണ്ടായിത്തീരുന്നു എന്ന് വിജയന്‍ പറയുന്നു .

‘ഇന്ത്യന്‍ രാഷ്ട്രീയ അവസ്ഥ എന്നൊന്ന് ഇല്ല. കാരണം കേരളത്തിലും അസമിലും മധ്യപ്രദേശിലും നാഗാലാന്‍ഡിലുമൊക്കെയുള്ളത് വ്യത്യസ്ത സാമൂഹിക ഘട്ടങ്ങളാണ്. നമുക്ക് മുന്നില്‍ നിരവധി നൂറ്റാണ്ടുകളുടെ ഭേദം ഉണ്ട്. ഏറെക്കുറെ ഒരു സമത്വവാദി സംസ്‌കൃതി വന്നുകഴിഞ്ഞ നാടാണ് നമ്മുടെ കേരളം. എന്നാല്‍, വടക്കോട്ട് പോയാല്‍ സ്ഥിതി ഇതല്ല. ഒരു ജന്മി തന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകളെ അപഹരിക്കുകയോ പുരുഷന്മാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ അത് ഈശ്വര നീതിയായി കണക്കാക്കുന്നവരാണവര്‍. ഞാനിത്രയേ പറഞ്ഞിട്ടുള്ളൂ, ഈ ഈശ്വരനീതിയില്‍ വിശ്വസിക്കുന്ന മനുഷ്യരെ വിപ്ലവത്തിന് സജ്ജരാക്കാന്‍ ഭൗതിക പ്രതീകങ്ങള്‍ അശക്തങ്ങളാണ്. യുക്തിയുടെ പരിമിതികളെ ഭക്തിയുടെ പരിമിതികളെ പോലെത്തന്നെ കണ്ടുകൊണ്ടുവേണം ഒരു സ്ട്രാറ്റജി ഉണ്ടാക്കാന്‍. അങ്ങനെയൊരു സമരതന്ത്രം ഉണ്ടാവുമോ എന്ന് എനിക്കറിയില്ല’ എന്ന് ദീര്‍ഘവീക്ഷണമുള്ളവനായി പ്രവചിക്കാനും നമുക്കൊരു വിജയനേ ഉണ്ടായിരുന്നുള്ളൂ സാഹിത്യ വിഹായസ്സില്‍ .

‘ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം എന്നത് ചില്ലറ കാര്യമല്ല. അത് വളരെയധികം ത്യാഗങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനമാണ്. 1950കളില്‍ അതുമായി എനിക്കുണ്ടായിരുന്ന നേരിയ ബന്ധത്തെ ഞാന്‍ വളരെ കൗതുകത്തോടെ സൂക്ഷിക്കുന്നു. പക്ഷേ, ഇന്നത്തെ ഇന്ത്യന്‍ വിപ്ലവകാരിയുടെ ആയുധങ്ങള്‍ ഈ പുതിയ പ്രതിസന്ധികളെ കണക്കിലെടുക്കുന്ന രീതിയിലല്ല. വിപ്ലവത്തിന് പുതിയൊരു രീതിശാസ്ത്രം ഉണ്ടാകേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പ്രകൃതിയുടെ സാന്നിധ്യം നിത്യമാണെന്നു മനസ്സിലാക്കി പ്രകൃതിയിലൂടെ മുന്നോട്ടു പോവുക എന്ന മുദ്രാവാക്യം ഉയര്‍ത്തണം. പ്രകൃതിയോടുള്ള മല്ലിടല്‍ ഇന്ത്യന്‍ ബോധത്തിന് ചേര്‍ന്നതല്ല’ എന്ന് ദാര്‍ശനികപരമായ വീക്ഷണം മുന്നോട്ട് വയ്ക്കുക കൂടി ചെയ്യുന്നുണ്ട് വിജയന്‍.

രാഷ്ട്രീയ പ്രായോഗികതയുടെ ഉള്ളടക്കത്തില്‍, വര്‍ത്തമാനകാല ഇന്ത്യന്‍ ഫാസിസ്റ്റ് സാഹചര്യത്തില്‍, എന്താണ് സെക്കുലറിസം എന്നതിനെ കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പ്രമേയം പാസാക്കിയതുകൊണ്ട് നാം സെക്കുലര്‍ ആവുന്നില്ല. മതബോധം ഇല്ലാതെ ഒരു സമൂഹത്തിനും ഇതുവരെ നിലനില്‍ക്കാനായിട്ടില്ല. റഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ മതം തിരിച്ചു വന്നിട്ടുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. ഈയൊരു യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ സൗഹൃദം എങ്ങനെ ഉണ്ടാക്കാം? ഗാന്ധിജി ഇതിന് ഏറെക്കുറെ നല്ലൊരു ഫോര്‍മുല നമുക്ക് തന്നു. കൂട്ട പ്രാര്‍ത്ഥന ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനുമൊക്കെ ചേര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. മതപരമായ അനുഭവം പങ്കിടുക അതുപോലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ മതങ്ങളുടെ സാര്‍ത്ഥകമായ ഉള്ളടക്കങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക. ഈ വഴികള്‍ എളുപ്പമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, വേറെ പോംവഴികള്‍ ഇല്ല. ജാതിയും മതവുമൊക്കെ നിലനില്‍ക്കുന്നത് പ്രഖ്യാപനത്തിലോ പ്രമേയത്തിലോ അല്ല. വിവാഹത്തില്‍, കുടുംബത്തില്‍ – അവിടെ നിന്ന് അവയെ തുടച്ചു നീക്കാന്‍ കഴിഞ്ഞാല്‍ നാം വിജയിച്ചു എന്ന വീക്ഷണം ഒരു പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉപരിപ്ലവകത മാത്രമാകാം. പക്ഷെ പ്രവാചകനെപ്പോലെ വിളിച്ചുപറയാന്‍ നമുക്കൊരു വിജയന്‍ ഉണ്ടായിരുന്നു.

‘എനിക്ക് ചിലതു പറയാനുണ്ട്” എന്ന് പറയുന്ന ഒരു ഉറുമ്പിനെ ഒവി വിജയന്‍ ഒരിക്കല്‍ വരച്ചിരുന്നു. ആ ഉറുമ്പിനെ ഒവി വിജയനോടു തന്നെ ഉപമിക്കാം. അദ്ദേഹത്തിന്റെ ലേഖനങ്ങളും കാര്‍ട്ടൂണുകളും എന്നും ഒരുപാട് ആളുകളെ ഉറുമ്പുകടികള്‍ ഏല്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ എങ്ങുമിരുത്താതെ ഉറുമ്പുകടിയേല്‍പ്പിച്ചിരുന്ന ഒവി വിജയന്‍ ഒരു വിസ്മയമായിരുന്നു. അദ്ദേഹത്തിന്റെ “കുറിപ്പുകളും”,‘സന്ദേഹിയുടെ സംവാദവും എല്ലാം മൂര്‍ച്ചയേറിയ തൂലികയുടെ വിരുന്നുതന്നെ ആയിരുന്നു. ഉറുമ്പ് കടിച്ചുകൊണ്ടേ ഇരുന്നു. വേദനയും ചൊറിച്ചിലും എങ്ങുമിരുത്താതെ സ്ഥിരമായി നമുക്ക് നല്‍കി. എന്നിട്ടോ…ഇന്നും നാം ഒന്നും കാണാത്തവരായി, കേള്‍ക്കാത്തവരായി മൗനം തുടരുന്നു. കാറ്റടിച്ചാല്‍ പറന്നുപോയേക്കാവുന്ന ആ ശരീരം കൊണ്ട്, അതിലെ പ്രപഞ്ചത്തോളം വലിയ മനസ്സുകൊണ്ട്, സിദ്ധികള്‍ കൊണ്ട് എന്തൊക്കെ സാധിക്കാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു.

ആ വരകളും കുത്തുകളും ചിഹ്നങ്ങളും കൊണ്ട് കോറിയിടുന്ന ‘പോയിന്റ്‌സ്’ ഒരുതെറ്റുപോലും വരാതെ, രണ്ടാമതൊന്നുപറയേണ്ടി വരാതെ എഴുതുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു. സ്വന്തമായി ഒരു കാര്‍ട്ടൂണ്‍ ഷോര്‍ട്ട് ഹാന്‍ഡ് അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു.
’ഖസാക്കിന്റെ ഇതിഹാസം’ മുതല്‍ ഓരോ എഴുത്തും ഇതിഹാസമാക്കിയ ഒവി വിജയന്‍ വീണ്ടും വീണ്ടും വിസ്മയം തന്നെ നല്‍കി. കാലദേശങ്ങള്‍ക്കതീതനായ ആ മനുഷ്യന്‍ മലയാളത്തിന്റെ പുണ്യമായിരുന്നു. ചരിത്രത്തിന്റെ ഏടില്‍ നിന്ന് ഒരിക്കലുമൊഴിവാക്കാന്‍ കഴിയാത്ത ഒരു വരിതന്നെയാണ് ഒവി വിജയന്‍.

DONT MISS
Top