രാമന്റെ പ്രതിമ നിര്‍മാണത്തിന് 330 കോടി കോര്‍പ്പറേറ്റുകളോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിഥ്യനാഥ്

യോഗി ആദിത്യനാഥ്

ലഖ്‌നൗ: സരയൂ നദീതീരത്ത് രാമന്റെ പ്രതിമ നിര്‍മിക്കാനായി കോര്‍പ്പറേറ്റുകളോട് 330 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സരയൂ നദിതീരത്താണ് യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ രാമന്റെ പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്. സരയൂ നദീതീരത്ത് 330 കോടി രൂപ മുടക്കിയാണ് രാമന്റെ പ്രതിമ നിര്‍മിക്കുന്നത്.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് പ്രകാരം നിക്ഷേപം നടത്താനാണ് കോര്‍പ്പറേറ്റുകളോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ അസരങ്ങള്‍ നല്‍കികൊണ്ട് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ബുക്ക്‌ലെറ്റും ഇറക്കിയിരുന്നു.

എന്നാല്‍ യോഗിയുടെ ആവശ്യത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് ജുഹി സിംഗ് രംഗത്തെത്തി. യോഗി ആദിത്യനാഥിന്റേത് വലിയ പാര്‍ട്ടി അല്ലെ. അതുകൊണ്ട് കോര്‍പ്പറേറ്റുകളോട് നേരിട്ട് പണം ആവശ്യപ്പെട്ടാല്‍ പോരെ എന്ന് ജുഹി സിംഗ് ചോദിച്ചു. സ്‌കൂളുകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനാണ് ഈ തുക വിനിയോഗിക്കാറെന്നും ജുഹി പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ കോര്‍പ്പറേറ്റുകളോട് പണം ആവശ്യപ്പെടുന്നത് ആദ്യത്തെ കാര്യമല്ലെന്നാണ് യോഗി സര്‍ക്കാര്‍ പറയുന്നത്. ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ നിര്‍മാണത്തിന് ഇതുപോലെ 121 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

DONT MISS
Top