കരുണ, കണ്ണൂര്‍ മെഡിക്കല്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി

കരുണ മെഡിക്കല്‍ കോളെജ്

ദില്ലി: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെയും പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്ന സര്‍ക്കാര്‍ നടപടിയെ കുറിച്ച് സിബിഐയെ കൊണ്ടോ പ്രത്യേക സംഘത്തെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് സ്വദേശി രംഗോരത്ത് ഗോകുല്‍ പ്രസാദാണ് സുപ്രിം കോടതിയെ സമീപിച്ചത്. 2016-17 അധ്യയന വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ 150 വിദ്യാര്‍ത്ഥികളുടെയും കരുണ മെഡിക്കല്‍ കോളെജിലെ 30 വിദ്യാര്‍ത്ഥികളുടെയും പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്ന് ഏഴ് മാസത്തിന് ശേഷമാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതിന് പിന്നില്‍ അഴിമതി ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

സുപ്രിം കോടതിയും ഹൈക്കോടതിയും പ്രവേശന മേല്‍നോട്ട സമിതിയും കണ്ണൂര്‍ മെഡിക്കല്‍ കോജിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിന് പിന്നില്‍ അഴിമതിയാണ്. ഇല്ലാത്ത അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട നിയമവും ചട്ടവും കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും മാത്രമേ അധികാരമുള്ളു.

കണ്ണൂര്‍ മെഡിക്കല്‍ കോളെജ്

കണ്ണൂര്‍ മെഡിക്കല്‍ കോജ് ഉടമ ജബ്ബാറിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നത ഇടപെടലുകള്‍ കാരണം കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേടുകള്‍ മറികടക്കാന്‍ ഭരണതലത്തിലുള്ളവരെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടന്നു എന്ന ആരോപണവും രംഗോരത്ത് ഗോകുല്‍ പ്രസാദ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഗോകുല്‍ പ്രസാദിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും എന്നാണ് സൂചന.

അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെയും പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിക്കാത്തതാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളെജുകള്‍ക്ക് പ്രത്യക്ഷത്തില്‍ സാധിക്കാത്തത് പരോക്ഷമായി ചെയ്തു കൊടുക്കാനാണ് കേരളം ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക തുടര്‍ന്നാല്‍ രാജ്യത്തെ മെഡിക്കല്‍ കോളെജുകളില്‍ ചട്ടവിരുദ്ധമായി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ വഴി ഒരുങ്ങുമെന്നും കൗണ്‍സില്‍ ആരോപിച്ചിട്ടുണ്ട്.

കെകെ ശൈലജ, മുകുള്‍ റോത്ത്ഗി

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി ഹാജരാകും. സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷമായ പരാമര്‍ശം ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് മുന്‍ അറ്റോര്‍ണി ജനറലിനെ സംസ്ഥാനം ഇറക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് കഴിഞ്ഞ ദിവസം റോത്ത്ഗിയുമായി ചര്‍ച്ച നടത്തിയിരുന്നു. സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ആയിരുന്നു സര്‍ക്കാരിന് വേണ്ടി കഴിഞ്ഞ തവണ കേസില്‍ ഹാജരായിരുന്നത്.

DONT MISS
Top