കമ്മാരസംഭത്തിലൂടെ ആദ്യമായി സിദ്ധാര്‍ഥ് മലയാളത്തിലേക്ക്; സിനിമയില്‍ സ്വന്തമായി ശബ്ദം നല്‍കി താരം

ദിലീപിനെ നായകനായി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുകയാണ് തമിഴ് നടന്‍ സിദ്ധാര്‍ഥ്.
ദിലീപിന്റെ അത്രയും തന്നെ പ്രാധാന്യമുള്ള വേഷമുള്ളമാണ് സിദ്ധാര്‍ഥിന്റേയും എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി ചിത്രത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നത്. കമ്മാരസംഭവത്തില്‍ സിദ്ധാര്‍ഥ് തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാരായി ദിലീപ് വേഷമിടുമ്പോള്‍ ഒതേനന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തിന്റെ സംവിധായകന്‍ കമ്മാരസംഭവത്തിന്റെ കഥ സിദ്ധാര്‍ഥിനോട് പറയുന്നത്. ആദ്യ മലയാള സിനിമയ്ക്കായി താന്‍ മൂന്ന് വര്‍ഷം ചെലവഴിച്ചതായി താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. കമ്മാരസംഭവത്തിന്റെ ഡബ്ബിങ്ങിനെക്കുറിച്ച് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നന്നായി പഠിച്ചു പരീക്ഷ എഴുതിട്ടുണ്ട് പാസാകുമോ എന്തോ? എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

തമിഴ് സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ശങ്കര്‍ 2003 ല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ച് സംവിധാനം ചെയ്ത ‘ബോയ്‌സ്’ എന്ന തമിഴ് സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് എന്ന നടനെ പ്രേക്ഷകര്‍ ആദ്യമായി കാണുന്നത്. ചിത്രം തമിഴ് നാടിലേപോലെ കേരളത്തിലും പ്രേക്ഷകര്‍ ഏറ്റെടുത്തു. ആദ്യമായി മണി രത്‌നത്തിനെ ‘കണ്ണത്തില്‍ മുത്തമിട്ടാല്‍’ സിനിമയുടെ സഹ സംവിധായകന്‍ ആയിരുന്ന സിദ്ധാര്‍ഥ്  സിനിമാ മേഖയിലേക്ക് എത്തുന്നത്. പിന്നീട് വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു.

കമ്മാരസംഭവത്തിനു മുന്‍പ് തന്നെ സിദ്ധാര്‍ഥിനെ തേടി ഒരു മലയാള ചിത്രം വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലില്‍ സിദ്ധാര്‍ത്ഥിനെയാണ് ദുല്‍ഖറിന് മുന്‍പ് നായക സ്ഥാനത്തേക്ക് പരിഗണിച്ചത് എന്നും പിന്നീടത് ദുല്‍ഖറിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ .

DONT MISS
Top