അംബേദ്കറിന് പുതിയ പേര് നല്‍കി യോഗി സര്‍ക്കാര്‍; കൂട്ടിചേര്‍ത്തത് റാംജി എന്ന വാക്ക്, ബിജെപി നടപടി വിവാദത്തില്‍

ഫയല്‍ചിത്രം

ലക്‌നൗ: ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഡോക്ടര്‍ ഭീം റാവു അംബേദ്കര്‍ എന്ന പേരിന്റെ ഇടയില്‍ റാംജി എന്ന് ചേര്‍ത്താണ് പുതിയ  ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ രേഖകളില്‍ അംബേദ്കറിന്റെ പേര് ഇനി മുതല്‍ ഭീം റാവു റാംജി അംബേദ്കര്‍ എന്നാക്കിമാറ്റാന്‍ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭരണഘടനയുടെ ആമുഖത്തില്‍ ഡോക്ടര്‍ ഭീം റാവു റാംജി എന്ന പേരിലാണ് അംബേദ്കര്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ്. ഇംഗ്ലീഷില്‍ അംബേദ്കറുടെ പേരിന്റെ സ്‌പെല്ലിംങ് നിലവിലേതുപോലെ ആയിരിക്കുമെങ്കിലും ഹിന്ദിയില്‍ ഉച്ചരിയ്ക്കുന്നതിന് ഇനി മുതല്‍ ചെറിയ വ്യത്യാസമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന ആവശ്യവുമായി 2017ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തെഴുതിയിരുന്നു. റാംജി എന്നാല്‍ അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേരുകൂടി ചേര്‍ത്താണ് പേരിടുക. മാത്രമല്ല പേരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിംങ് ശരിയായിരിക്കുമ്പോഴും ഹിന്ദി അക്ഷരങ്ങള്‍ തെറ്റായിരുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം രാജ്യത്തിന്റെ ദലിത് രാഷ്ട്രീയത്തിന്റെ ആരാധ്യപാത്രമായ അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ദീപക് മിശ്ര ആരോപിച്ചു. ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍വിവാദങ്ങള്‍ അനാവശ്യമാണെന്നും പേര് മാറ്റിയതില്‍ തെറ്റില്ലെന്നും ബിജെപി എംപി ഉദിത് രാജ് പ്രതികരിച്ചു.

DONT MISS
Top