കേരളത്തിന്റെ നടപടി ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിക്കാത്തത്: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ദില്ലി: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെയും പാലക്കാട്ടെ കരുണ മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 14 ആം അനുച്ഛേദത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ രണ്ട് മെഡിക്കല്‍ കൊളെജുകള്‍ക്കും പ്രത്യക്ഷത്തില്‍ സാധിക്കാത്ത കാര്യമാണ് ഓര്‍ഡിനന്‍സിലൂടെ സംസ്ഥാനസര്‍ക്കാര്‍ പരോക്ഷമായി ചെയ്തു കൊടുക്കുന്നതെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു.

മെഡിക്കല്‍ കോളെജുകളുടെ നിയമലംഘനം അനുവദിച്ചു കൊടുക്കാനാണ് സര്‍ക്കാരിന്റെ നിയമനിര്‍മാണം. പ്രവേശന മേല്‍നോട്ട സമിതി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയത്തിയിട്ടും ഓര്‍ഡിനന്‍സ് ഇറക്കി. രണ്ടു കോളെജുകളിലുമായി 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സ്‌പോട് അഡ്മിഷനിലൂടെ നടത്തിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ്. ഇങ്ങനെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ കരുണ മെഡിക്കല്‍ കോളെജില്‍ പ്രവേശനത്തിനായി കണ്ടെത്തിയ 30 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിഞ്ഞില്ല. സമയപരിധി കഴിഞ്ഞു എന്ന പേരിലായിരുന്നു പ്രവേശനം നടത്താത്തത് എന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രിം കോടതി വിധി മറികടക്കാനായി നിയമനിര്‍മ്മാണ അധികാരങ്ങള്‍ വിനിയോഗിക്കരുത് എന്നതാണ് പൊതു തത്വം. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത നടപടിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ ഈ നടപടി അംഗീകരിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക തുടര്‍ന്നാല്‍ രാജ്യത്തെ മെഡിക്കല്‍ കോളെജുകളില്‍ ചട്ടവിരുദ്ധമായി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ വഴി ഒരുങ്ങും.

യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രവേശനം സുതാര്യവും നീതിയുക്തവും ചൂഷണരഹിതവുമാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിന് ബാധ്യതയുണ്ടെന്ന് റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റു വിദ്യാര്‍ത്ഥികളുമായി മത്സരിച്ച് യോഗ്യത തെളിയിക്കാന്‍ ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും മൗലികാവകാശം ഉണ്ട്. അതേസമയം, ചട്ട വിരുദ്ധമായ പ്രവേശനം തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. മെറിറ്റ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കുകയോ കോളെജുകള്‍ നിയമലംഘനം നടത്തുകയോ ചെയ്താല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി കൗണ്‍സിലിന് വെറുതെ ഇരിക്കാനാകില്ല. ഈ നിയമലംഘനം തടയാന്‍ സുപ്രിം കോടതിയെ സമീപിക്കുകയല്ലാതെ മെഡിക്കല്‍ കൗണ്‍സിലിന് മറ്റു പോംവഴി ഇല്ലെന്നും റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെഡിക്കല്‍ കൗണ്‍സില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന നിയമ വിഷയങ്ങള്‍ ഇവയാണ്. കോടതിവിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമല്ലേ? കോടതി റദ്ദാക്കിയ പ്രവേശനം നിയമപരമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് കഴിയുമോ? നിയമവിരുദ്ധമായ പ്രവേശനം നിയമപരമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകുമോ? ഒരു വിഭാഗം വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കാനായി മാത്രം ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് കഴിയുമോ? 2017 ഒക്ടോബര്‍ 20 ലെ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥിപ്രവേശനം റദ്ദാക്കിയ സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് സുപ്രിം കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാരിന്റെ പ്രവണത അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാരുകള്‍ ഇങ്ങനെ നിയമരൂപീകരണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കോടതി ആരാഞ്ഞിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയും സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണവും തിങ്കളാഴ്ച സുപ്രിം കോടതി കേള്‍ക്കും.

DONT MISS
Top