പന്ത് ചുരണ്ടല്‍ വിവാദം: ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി, മുഖ്യസ്‌പോണ്‍സര്‍ പിന്മാറി

പ്രതീകാത്മക ചിത്രം

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മുഖ്യസ്‌പോണ്‍സറായ മഗല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് മഗെല്ലന്റെ പിന്മാറ്റം.

ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ടാണ് മുഖ്യ സാമ്പത്തിക സ്രോതസ്സായ മഗല്ലന്‍ വ്യാഴാഴ്ച സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുന്നു, മഗല്ലന്‍ സഹയുടമയും ചീഫ് എക്‌സിക്യൂട്ടീവുമായ ഹമിഷ് ഡഗ്ലസ് പറഞ്ഞു.

അതേസമയം സ്റ്റീവ് സ്മിത്തുമായുള്ള കരാറില്‍ നിന്ന് ബീറ്റ് ബീക്‌സ് ഉത്പാദകരായ സാനിറ്റേറിയം, കോമണ്‍വെല്‍ത്ത് ബാങ്ക് എന്നിവര്‍ പിന്മാറി. കൂടാതെ ബുധനാഴ്ച വാര്‍ണറും ബന്‍ക്രോഫ്റ്റുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് എല്‍ജിയും കായികോപകരണ നിര്‍മ്മാതാക്കളായ അസിക്‌സും അവസാനിപ്പിച്ചു. താരങ്ങളുടെ പ്രവൃത്തി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നതോ തങ്ങളുടെ നിലപാടുകള്‍ക്ക് ചേര്‍ന്നതോ അല്ല എന്നായിരുന്നു അസിക്‌സിന്റെ പ്രതികരണം.

സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും, ബന്‍ക്രോഫ്റ്റിന് ഔമ്പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആജീവനാന്ത വിലക്കാണ് പ്രതീക്ഷിച്ചരുന്നതെങ്കിലും ഒരു വര്‍ഷത്തെ വിലക്ക് മാത്രമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. മുന്‍ താരങ്ങളുള്‍പ്പെടെ ഓസ്‌ട്രേലിയന്‍ ആരാധകരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി. ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് സ്മിത്തിനെയും വാര്‍ണറെയും വിലക്കുന്നതായി ബിസിസിഐയും അറിയിച്ചു.

DONT MISS
Top