വാര്‍ത്താവിനിമയ രംഗത്ത് കൂടുതല്‍ കരുത്ത് നേടാന്‍ ഇന്ത്യ; ജിസാറ്റ് 6എ വിക്ഷേപണം ഇന്ന്

ഫയല്‍ചിത്രം

ചെന്നൈ: വാര്‍ത്താവിനിമയ രംഗത്ത് വലിയ കുതിപ്പിനൊരുങ്ങി ഇന്ത്യ. ഐഎസ്ആര്‍ഒയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6എ ഇന്ന് വിക്ഷേപിക്കും. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും വൈകീട്ട് 4.56നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയരുന്നത്.

2015ല്‍ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജിസാറ്റ് 6എ യിലൂടെ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിയ്ക്കാന്‍ 6എയ്ക്ക് സാധിക്കും. സാറ്റ് ലൈറ്റ് ഫോണുകള്‍ക്കും 4ജി സാങ്കേതികതയ്ക്കും ഏറെ സഹായകമാകുന്നതാണ് ജിസാറ്റ് 6എ. മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേയ്‌ക്കെത്തിക്കുന്നതിന് സഹായകരമാകുന്നതാണ് ജിസാറ്റ് 6എയുടെ വിക്ഷേപണം.

കൂടുതല്‍ വ്യക്തതയോടെ സിഗ്നല്‍ കൈമാറാനും ഉപഗ്രഹത്തിന് സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സൈനിക ആവശ്യങ്ങള്‍ക്ക് ഇത് സഹായകരമാകും. ആറ് മീറ്റര്‍ വിസ്തീര്‍ണമുള്ള കുട പോലെ നിവര്‍ത്താവുന്ന ആന്റിന ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഗ്രൗണ്ട് ടെര്‍മിനലില്‍ നിന്നും ഉപഗ്രഹവുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ആന്റീന. ജിസാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്. പന്ത്രണ്ട് സ്റ്റേജുകള്‍ പിന്നിട്ട് 17 മിനിറ്റ് 46 സെക്കന്റുകള്‍ കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തും. 270 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

DONT MISS
Top