ആറ് വര്‍ഷത്തിനുശേഷം മലാല പാകിസ്താനില്‍ തിരിച്ചെത്തി

മലാല യൂസഫ്‌സായ്

ഇസ്ലാമാബാദ്: നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് പാകിസ്താനില്‍ തിരിച്ചെത്തി. ആറ് വര്‍ഷത്തിന് ശേഷമാണ് മലാല പാകിസ്താനില്‍ കാല് കുത്തുന്നത്. മലാലയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ബുധനാഴ്ച അര്‍ധരാത്രിയോടെ പാകിസ്താനിലെത്തിയ മലാല പ്രധാന മന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും മറ്റ് പ്രധാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ‘മീറ്റ് ദ മലാല’ പരിപാടിയിലും ഇരുപതുകാരിയായ മലാല പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാല 2012 ല്‍ താലിബാന്‍ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിവെയ്പില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മലാല സൈനിക ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ലണ്ടനിലേക്ക് പോകുകയും അവിടെ തുടര്‍ വിദ്യാഭ്യാസം ചെയ്യുകയുമായിരുന്നു. 17-ാം വയസ്സിലാണ് മലാല നോബേല്‍ പുരസ്‌കാരത്തിനര്‍ഹയാകുന്നത്.

DONT MISS
Top